ന്യായീകരണ തൊഴിലാളികളായി സി.പി.എമ്മിന്റെ പഞ്ചായത്ത് അംഗം മുതല്‍ എം.എല്‍.എ വരെയുള്ള ജനപ്രതിനിധികള്‍ മാറിയെന്ന്
മുതലമട: അംബേദ്ക്കര്‍ കോളനിയില്‍ നീചമായ അയിത്തം അടിച്ചേല്‍പ്പിക്കുന്ന സ്വാധീന ശക്തികളെ ന്യായീകരിക്കുന്ന ന്യായീകരണ തൊഴിലാളികളായി സി പി എമ്മിന്റെ പഞ്ചായത്ത് അംഗം മുതല്‍ എം എല്‍ എവരെയുള്ള ജനപ്രതിനിധികള്‍ മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് നെന്മാറ അസംബ്ലി കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. അംബേദ്കര്‍ കോളനിയിലെ യഥാര്‍ത്ഥ പ്രശ്‌നം പരിഹരിക്കാതെ ജാതി വിവേചനം നേരിടുന്ന ദളിതരെ മദ്യപരെന്ന് വിളിച്ച് ആക്ഷേപിച്ച നെന്മാറ എം എല്‍ എ കെ ബാബുവിന്റെ നടപടി നീചവും പ്രതിഷേധാര്‍ഹവുമാണെന്നും, പൊതുസമൂഹത്തോടും കോളനി നിവാസികളോടും എം എല്‍ എ മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
എം എല്‍ എ എന്ന നിലയില്‍ നിന്നും വെറും സി പി എം നേതാവിന്റെ ഭാഷയിലേക്ക് എം എല്‍ എ മാറരുതെന്നും യോഗം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി സി സുനില്‍ യോഗം ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ് പി എ രാജീവ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രന്‍, അസംബ്ലി കമ്മിറ്റി സെക്രട്ടറിമാരായ സജേഷ് ടി വി, വിവേക്, സുരേഷ്, മണ്ഡലം പ്രസിഡന്റുമാരായ ആര്‍ ബിജോയ്, രവീന്ദ്രന്‍, മുരുകമണി, ജിംഷിത്ത്, അബുതാഹിര്‍, ശിവരാമന്‍, സുരേഷ്, എസ് വിനോദ്, രാജേഷ് എന്നിവര്‍ സംസാരിച്ചു. പാലക്കാട്: നെന്മാറ എം എല്‍ എ കെ ബാബുവിന്റെ ദളിത് വിരുദ്ധ പ്രസ്താവനയിലൂടെ വെളിവായത് സി പി എം നയമെന്ന് ഡി സി സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍.
ദളിത് സമൂഹത്തിലെ ആളുകള്‍ മദ്യപിക്കാനാണ് അംബേദ്കര്‍ കോളനിയിലെ സമുദായ ക്ഷേത്ര മുറ്റത്ത് തങ്ങുന്നതെന്ന എം എല്‍ എയുടെ വാക്കുകള്‍ അദ്ദേഹത്തിന്റേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും മനസിലെ ദളിത് സമീപനമാണ് പുറത്തുവന്നത്.
സി പി എം ജില്ലാ നേതൃത്വം മുതല്‍ ബ്രാഞ്ച് നേതൃത്വം വരെ അംബേദ്കര്‍ കോളനിയില്‍ ദളിതര്‍ക്ക് ഒരുതരത്തിലുള്ള വിവേചനവുമില്ലെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന ശ്രമം ആരെ സംരക്ഷിക്കാനാണെന്ന് സി പി എം വ്യക്തമാക്കണം. പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതും, ദളിതര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിച്ചതും ഇതിന്റെ ഭാഗമാണ്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ കോളനി സന്ദര്‍ശനം പോലും സി പി എമ്മിന്റെ സ്ഥാപിത താല്പര്യം സംരക്ഷിക്കാനായിരുന്നു. ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നിവരെ സന്ദര്‍ശനത്തില്‍ ഒപ്പം കൂട്ടിയത് ഇതിന്റെ തെളിവാണ്. അടിയന്തരമായി ജില്ലാകലക്ടര്‍ അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച് സ്വതന്ത്ര്യ അന്വേഷണം നടത്തണമെന്നും പ്രശ്‌നം പരിഹരിക്കണമെന്നും സുമേഷ് അച്യുതന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."