രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാന്; ഇന്ത്യയുടെ പെരുമാറ്റം മോശമായതിനാലെന്ന് ന്യായീകരണം
ന്യൂഡല്‍ഹി: ഐസ്ലന്ഡില് സന്ദര്‍ശനം നടത്താനുള്ള ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നീക്കത്തിന് വിലങ്ങുതടിയിട്ട് പാക്കിസ്ഥാന്. യാത്രക്കായി വ്യോമപാതക്കുള്ള അനുമതി നിഷേധിച്ചാണ് പാക്കിസ്ഥാന് രാഷ്ട്രപതിയുടെ ഐസ്ലാന്‍ഡ് സന്ദര്‍ശനത്തിന് തടസ്സം സൃഷ്ടിച്ചത്. പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേശിയാണ് ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയുടെ മോശം സമീപനം മൂലമാണ് തങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് പാക് അധികൃതര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഐസ്ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, സ്ലോവാനിയ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് രാഷ്ട്രപതി പുറപ്പെടേണ്ടിയിരുന്നത്. മൂന്ന് രാജ്യങ്ങളിലെയും രാഷ്ട്ര തലവന്മാരുമായി അതിര്‍ത്തികടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ടായിരുന്നു.
ഇതിനിടെയാണ് പാക്കിസ്ഥാന് പെട്ടെന്നുള്ള നീക്കം. ഇന്ത്യന്‍ രാഷ്ട്രപതിക്ക് തങ്ങളുടെ വ്യോമപാത നിരസിക്കാനുള്ള തീരുമാനം തങ്ങളുടെ പ്രധാനമന്ത്രി ഇമ്രാന്ഖാന് അംഗീകരിച്ചതായി മന്ത്രി ഖുറേശി വ്യക്തമാക്കി. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ഉടലെടുത്ത കലുഷിത സാഹചര്യത്തെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലേക്കുള്ള വ്യോമപാത പാക്കിസ്ഥാന് അടച്ചിരുന്നു. പിന്നീട് കഴിഞ്ഞ ജൂലൈയിലാണ് വീണ്ടും തുറന്നുകൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."