റാഫേല്‍: കേന്ദ്രം സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഫ്രാന്‍സുമായുള്ള വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാടിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു.
ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെവരെ ഉണ്ടായ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍, കരാറിലേക്കു നയിച്ച തീരുമാനങ്ങളുടെ നടപടികള്‍, അവയുടെ രേഖകള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. മുദ്രവച്ച കവറില്‍ സുപ്രിംകോടതി സെക്രട്ടറി ജനറലിനാണ് സമര്‍പ്പിച്ചത്.
കരാര്‍ റദ്ദാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനെവാല, അഭിഭാഷകരായ വിനീത് ദാണ്ഡെ, എം.എല്‍ ശര്‍മ എന്നിവര്‍ നല്‍കിയ മൂന്നു ഹരജികളാണ് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രിംകോടതി മുന്‍പാകെയുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍കക്ഷിയാക്കിയുള്ള ഹരജികള്‍ ഈ മാസം 10ന് പരിഗണിക്കവേ ഇടപാടിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. കേസ് ബുധനാഴ്ച പരിഗണിക്കും.
റാഫേല്‍ വിഷയത്തില്‍ സുപ്രിംകോടതി മുന്‍പാകെയുള്ള കേസുകള്‍ക്കു പുറമെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരും വിമത ബി.ജെ.പി നേതാക്കളുമായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവരും വ്യാഴാഴ്ച പുതിയ ഹരജി നല്‍കിയിരുന്നു. ഇടപാട് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിക്കണമെന്നാണ് ഈ ഹരജിയിലെ ആവശ്യം. ഇതും ബുധനാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."