പനിച്ചുവിറച്ച് കൊണ്ടോട്ടി; മേഖലയില്‍ ഡെങ്കിപ്പനിയും പടരുന്നു വൈറല്‍ പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്
കൊണ്ടോട്ടി: കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നു. മേഖലയിലെ സര്‍ക്കാര്‍ ആശുത്രിയിലും സ്വകാര്യ ആശുപത്രിയിലും പനിബാധിതര്‍ കൂടുതലായി എത്തുന്നുണ്ട്.സര്‍ക്കാര്‍ ആശുപത്രിയില്‍ 20 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആശുപത്രി അധികൃതര്‍ തന്നെ പറയുന്നു.സ്വകാര്യ ആശുപത്രികളില്‍ ഇതിനിരട്ടിയാളുകളാണെത്തുന്നത്.
വൈറല്‍ പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ 500 മുതല്‍ 700 വരെ രോഗികളാണ് ദിനേന എത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും പനിബാധിതരാണ്. പനി ബാധിതരില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ടും, ടോട്ടല്‍ കൗണ്ടും കുറയുന്ന കേസുകളാണ് കൂടുതലായും കാണപ്പെടുന്നത്. ഇത് ഡെങ്കിപ്പനിയുടെ ലക്ഷണവുമാണ്. എന്നാല്‍ പനി ബാധിച്ചാല്‍ തന്നെ കൗണ്ട് കുറയുമെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
കൊണ്ടോട്ടി, മുണ്ടപ്പലം, തുറക്കല്‍, കൊളത്തൂര്‍, വിമാനത്താവള പരിസരം, കുറുപ്പത്ത്, മുസ്‌ലിയാരങ്ങാടി, മോങ്ങം, വള്ളുവമ്പ്രം, മൊറയൂര്‍, ഒഴുകൂര്‍, കിഴിശ്ശേരി, മുതുവല്ലൂര്‍ ഭാഗങ്ങളിലെല്ലാം പകര്‍ച്ചപ്പനി കാണപ്പെടുന്നുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പനി കാണപ്പെടുന്നുമുണ്ട്.
മേഖയില്‍ കൊതുകുകള്‍ പെരുകിയിട്ടുമുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയാത്തത് നഗരസഭയേയും വലക്കുന്നുണ്ട്. അങ്ങാടിയില്‍ വലിയ തോടാണ് മലിന ജലം കെട്ടി നിന്ന് കൊതുകുകളുടെ വളര്‍ത്തു കേന്ദ്രങ്ങളാവുന്നത്. വീട്ടുപരിസരങ്ങളിലും കൊതുകു ശല്യം രൂക്ഷമായിട്ടുണ്ട്. കൊതുകിനെ തുരത്താന്‍ മിശ്രിതം തളിക്കുന്നതടക്കമുളള നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."