2014ലെ എസ്.ഐ ബാച്ചിനിതെന്തു പറ്റി?
കൊച്ചി: 2014ലെ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ബാച്ചിന് പൊലിസ് കംപ്ലയിന്റ് അതോറിറ്റിയുടെ രൂക്ഷവിമര്‍ശനം. കംപ്ലയിന്റ് അതോറിറ്റിക്കു മുന്നിലെത്തിയ കേസുകളില്‍ ഭൂരിഭാഗവും ഈ ബാച്ചില്‍ പുറത്തിറങ്ങിയ പൊലിസുകാര്‍ക്കെതിരെയാണെന്നു അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ്. കെ നാരായണക്കുറുപ്പ് വ്യക്തമാക്കി.
ഇന്നലെ എറണാകുളം റസ്റ്റ്ഹൗസില്‍ 74കാരനായ മുകുന്ദരാജിന്റെ പരാതി പരിഗണിക്കവെയാണ് അതോറിറ്റി ചെയര്‍മാന്‍ വിമര്‍ശനം ഉന്നയിച്ചത്. മജിസ്‌ട്രേറ്റ് കോടതി തീര്‍പ്പാക്കിയ കേസില്‍ തന്നെ വടക്കേക്കര പൊലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ്.ഐ അസഭ്യം പറഞ്ഞെന്നായിരുന്നു ഇയാളുടെ പരാതി. എന്നാല്‍ ആ കേസിലല്ല വിളിച്ചുവരുത്തിയതെന്നും പണമിടപാട് സംബന്ധിച്ചു മുകുന്ദരാജിനെതിരേ ഇയാളുടെ കുഞ്ഞമ്മ നല്‍കിയ പരാതിയിലാണ് വിളിച്ചുവരുത്തിയതെന്നും എസ്.ഐ ജയകുമാര്‍ പറഞ്ഞു.
ഇത്തരം കേസുകള്‍ കോടതിയിലേക്കാണ് പറഞ്ഞുവിടേണ്ടതെന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും ചെയര്‍മാന്‍ എസ്.ഐയോട് ചോദിച്ചു. ഒരാള്‍ക്ക് അന്തസ്സായി ജീവിക്കാനുള്ള അവകാശമാണ് ഇന്ത്യന്‍ ഭരണഘടനയുടെ 21ാം വകുപ്പില്‍ പറയുന്നത്. കുറ്റവാളിയായി ജയിലില്‍ അടച്ചാല്‍ പോലും ജീവിക്കാനുള്ള അവകാശമുണ്ടെന്നു ചെയര്‍മാന്‍ ഓര്‍മിപ്പിച്ചു.
താന്‍ 2014ല്‍ പുറത്തിറങ്ങിയ ബാച്ചില്‍പെട്ടതാണെന്നു എസ്.ഐ വെളിപ്പെടുത്തിയപ്പോള്‍ നിങ്ങള്‍ക്കൊക്കെ എന്താണ് അവിടുന്നു ട്രെയിനിങായി ലഭിച്ചതെന്നായി ചെയര്‍മാന്‍. 2014 ബാച്ചിലുള്ളവര്‍ക്കെതിരേയാണ് ഇവിടെ വരുന്ന കേസുകളിലധികവും. ഇവര്‍ പൊതുജനങ്ങളെ സ്റ്റേഷനില്‍ വരുത്തി അകാരണമായി മര്‍ദ്ദിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ പോയാല്‍ 2014 ബാച്ചിലെ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ വീണ്ടും വിളിച്ചുവരുത്തി ട്രെയിനിങ് കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും 'തെറി' പൊലിസിന്റെ മാതൃഭാഷയായി മാറിയിരിക്കുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു. പൊലിസിന് ശിക്ഷിക്കാനുള്ള അധികാരമില്ല. എന്നാല്‍ കോടതിയുടെ അധികാരം മിക്കപ്പോഴും പൊലിസ് ഏറ്റെടുക്കുകയാണ്. പല കേസുകളിലും സ്റ്റേഷനിലെത്തുന്നവരെ അകാരണമായി മര്‍ദിച്ച് അവശരാക്കുന്ന നടപടി തുടരുകയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരേ അധികാരികള്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിച്ചാല്‍ ഇതൊഴിവാക്കാന്‍ കഴിയുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
എറണാകുളം വളഞ്ഞമ്പലത്ത് നാലു പേര്‍ ചേര്‍ന്നു നടത്തുന്ന മാന്‍ പവര്‍ കണ്‍സള്‍ട്ടന്‍സിക്ക് ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ സി.സി ടിവി കാമറയും തൊഴിലന്വേഷിച്ചെത്തിയ വ്യക്തിയുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തതുള്‍പ്പെടെ നാല് കേസുകളാണു ഇന്നലെ അതോറിറ്റിക്ക് മുന്നിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."