വിവാദങ്ങള്‍ നിറഞ്ഞ ഔദ്യോഗിക ജീവിതത്തിന് 'ഫുള്‍സ്റ്റോപ്'; ജസ്റ്റിസ് കര്‍ണന്‍ ഇന്ന് വിരമിക്കും
ന്യൂഡല്‍ഹി: വിവാദങ്ങള്‍ നിറഞ്ഞ ഒദ്യോഗിക ജീവിതത്തിന് 'ഫുള്‍സ്റ്റോപ്പി'ട്ട്ജസ്റ്റിസ് കര്‍ണന്‍ ഇന്ന് വിരമിക്കും. കര്‍ണന്റെ റിട്ടയര്‍മെന്റോടു കൂടി ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയിലെ അസാധാരണ സംഭവവികാസങ്ങള്‍ക്കുകൂടി അവസാനമാവുകയാണ്.
കോടതിയലക്ഷ്യത്തിന് സുപ്രിം കോടതി ആറു മാസം തടവ് വിധിച്ച കര്‍ണന്‍ ഇപ്പോള്‍ ഒളിവിലാണ്. മെയ് ഒമ്പതിനാണ് കര്‍ണനെ ജയിലിലടക്കാന്‍ സുപ്രിം കോടതി വിധിക്കുന്നത്. ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ ആദ്യമായി ഒരു ഹൈകോടതി സിറ്റിങ് ജഡ്ജിയെ ജയിലിലടക്കാന്‍ വിധിക്കുന്നത്. എന്നാല്‍ ഇതുവരെയും പൊലിസിന് കര്‍ണനെ പിടികൂടാനായിട്ടില്ല.
മദ്രാസ് ഹൈകോടതി ജഡ്ജിയായിരിക്കെ, സുപ്രിം കോടതിയിലെയും ഹൈകോടതികളിലെയും സിറ്റിങ്ങ് ജഡ്ജിമാര്‍ക്കും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിയമ മന്ത്രിയായിരുന്ന രവിശങ്കര്‍ പ്രസാദിനും സുപ്രിംകോടതി രജിസ്ട്രാര്‍ക്കും കത്തയച്ചതോടെയാണ് കര്‍ണന്‍ വിവാദ നായകനായത്.
അഴിമതിയും ജാതി വിവേചനവും ജഡ്ജിമാര്‍ക്കിടയിലുണ്ടെന്നും ദലിതനായതിനാല്‍ തന്നോട് വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. മദ്രാസ് ഹൈകോടതിയില്‍ നിന്ന് കൊല്‍ക്കത്ത ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയ സുപ്രിം കോടതി കൊളീജിയത്തിന്റെ നടപടി റദ്ദാക്കിയും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു.
തന്റെ അധികാര പരിധിയില്‍ കൈടത്തരുതെന്ന് സുപ്രിം കോടതിയോട് പറയാനും അദ്ദേഹം ധൈര്യം കാട്ടി. തനിക്ക് യാത്രാ വിലക്ക് ഏര്‍പെടുത്തിയ സുപ്രിംകോടതി ജഡ്ജിമാരുടെ യാത്ര വിലക്കിക്കൊണ്ടും അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു.
പിന്നീട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് കര്‍ണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയത്. കര്‍ണനോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. മാനസിക നില പരിശോധിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശത്തെയും അദ്ദേഹം പുച്ഛിച്ചു തള്ളി. അതോടെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ അറസറ്റ് വാറന്റ് പുറപ്പെടുവിച്ചത്. അതോടെ അദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."