എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒന്നിച്ചുനടത്താന്‍ സൗകര്യമില്ലാത്തത് 20 ഇടങ്ങളില്‍ മാത്രം
മലപ്പുറം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒന്നിച്ച് നടത്തുമ്പോള്‍ മതിയായ പരീക്ഷാഹാളുകള്‍ ലഭ്യമാവാത്തത് സംസ്ഥാനത്തെ 20 സ്‌കൂളുകളില്‍ മാത്രം. പ്ലസ്ടു പരീക്ഷയ്‌ക്കൊപ്പം എസ്.എസ്.എല്‍.സി പരീക്ഷ നടത്തുന്നതിനുള്ള സാധ്യതാപഠനത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ കണ്ടെത്തിയത്.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ബ്ലോക്കുകളിലെ ക്ലാസ്മുറികള്‍ പരമാവധി ഉപയോഗപ്പെടുത്തിയാവും എസ്.എസ്.എല്‍.സി, പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷകള്‍ രാവിലെ നടത്തുക. നിലവില്‍ ഒരുബെഞ്ചില്‍ രണ്ടുപേര്‍ എന്ന തോതില്‍ 16 മുതല്‍ 20 വരെ വിദ്യാര്‍ഥികളാണ് ഒരുക്ലാസില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. പുതിയ രീതിയിലേക്ക് മാറുന്നതോടെ ഒരുബെഞ്ചില്‍ മൂന്നുപേരിരിക്കും.
യഥാക്രമം പ്ലസ്ടു, എസ്.എസ്.എല്‍.സി, പ്ലസ്‌വണ്‍ എന്ന രീതിയിലാവും ഇത്. ഈ അനുപാതത്തില്‍ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ഒരുസ്‌കൂളിനു കഴിയുന്നില്ലെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് സമീപ സ്‌കൂളുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാനാണ് ആലോചന. ഇത്തരത്തില്‍ നിലവില്‍ 20 സ്‌കൂളുകള്‍ മാത്രമാണുള്ളത് എന്നതിനാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം വിജയിക്കാനാണ് സാധ്യത.
നേരത്തെ രാവിലെ നടന്നിരുന്ന എസ്.എസ്.എല്‍.സി പരീക്ഷ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങളായി ഉച്ചക്ക് ശേഷമാണ് നടക്കുന്നത്. കടുത്ത വേനലില്‍ പരീക്ഷ നടക്കുന്നത് വിദ്യാര്‍ഥികളെ സാരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. ഈ ശുപാര്‍ശ പൊതുവിദ്യാഭ്യാസ വകുപ്പ് ഗുണനിലവാര സമിതിയും(ക്യു.ഐ.പി) സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതാണ്.
പരീക്ഷകള്‍ രാവിലെ ഒന്നിച്ചു നടത്തുമ്പോള്‍ ചോദ്യപേപ്പറുകളുടെ സുരക്ഷിതത്വമാണ് ഏറെ പ്രധാനം. നിലവില്‍ ട്രഷറികളിലെയും ബാങ്കുകളിലെയും ലോക്കറുകളിലാണ് എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത്. പരീക്ഷാദിവസം രാവിലെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള സ്വക്വാഡുകളാണ് ഇത് പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കുന്നത്. ഈ രീതിക്കുപകരം ഒന്‍പത് ദിവസത്തേയും ചോദ്യപേപ്പറുകള്‍ ഒരുമിച്ച് സ്‌കൂളുകളില്‍ സൂക്ഷിക്കുന്ന രീതിയായിരിക്കും ഇനിയുണ്ടാവുക. ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പറുകള്‍ വര്‍ഷങ്ങളായി ഈ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.
എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഒരുമിച്ചു സൂക്ഷിക്കാന്‍ സ്‌കൂളുകളില്‍ തന്നെ സൗകര്യമുണ്ടോ എന്നറിയുന്നതിനായി പ്രഥമാധ്യാപകരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് പരീക്ഷാ സെക്രട്ടറി ഇതിനകം അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചോദ്യപേപ്പര്‍ സൂക്ഷിക്കാനുള്ള സ്‌ട്രോങ് റൂം, ഫര്‍ണിച്ചര്‍ എന്നിവയുണ്ടോ എന്ന വിവരം ശേഖരിക്കാനാണിത്. സംസ്ഥാന കായികമേളയുടെ തിരക്കു കഴിഞ്ഞ് ബുധനാഴ്ചയോടെ ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി കെ.എല്‍ ലാല്‍ സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."