കരാറുകാരന്റെ മരണം: കരുണാകരന്‍ ട്രസ്റ്റിന്റെ റിയല്‍ എസ്റ്റേറ്റ് മോഹങ്ങള്‍ക്ക് നല്‍കേണ്ടിവന്നത് ഭര്‍ത്താവിന്റെ ജീവന്‍, ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കണ്ണൂര്‍:കെ. കരുണാകരന്റെ സ്മാരകമായി കണ്ണൂരില്‍ നിര്‍മിക്കുന്ന ആശുപത്രിയുടെ കരാറുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വില്ലനായത് ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളുമെന്നും ആക്ഷേപം. ട്രസ്റ്റിന്റെ സ്വത്തുവകകള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി മാറ്റി എന്നാണ് പ്രധാന ആരോപണം. കെ.കരുണാകരന്റെ പേരില്‍ പണം പിരിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടിന് വകമാറ്റി എന്നാരോപിച്ച് മുന്‍ ട്രസ്റ്റ് അംഗം പയ്യന്നൂര്‍ കോടതിയില്‍ നല്‍കിയ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
മുതുപാറക്കുന്നേല്‍ ജോസഫ് എന്ന ജോയിയെയാണ് അദ്ദേഹം പണികഴിപ്പിച്ച ആശുപത്രി കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടം നിര്‍മിച്ച വകയില്‍ ഒരു കോടി 34 ലക്ഷം രൂപ ട്രസ്റ്റ് നല്‍കാനുണ്ടെന്നും ഈ പണം നല്‍കാത്തതാണ് മരണത്തില്‍ കലാശിച്ചതെന്നും ഭാര്യാ സഹോദരന്‍ രാജന്‍ സെബാസ്റ്റ്യന്‍ ആരോപിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇദ്ദേഹത്തിന്റെ ഭാര്യ മിനി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
ഇരുകൈകളുടേയും ഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
പുറത്തു നിന്നും കൊലപ്പെടുത്തി മൃതദേഹം കെട്ടിടത്തിനുമുകളില്‍ കൊണ്ടുവച്ചതാണെന്ന സംശയവും ബന്ധുക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്.
പണം ലഭിക്കുന്നതിനായി പലതവണ ട്രസ്റ്റ് ഭാരവാഹികളായ കുഞ്ഞികൃഷ്ണന്‍ നായര്‍, റോഷി ജോസഫ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിരുന്നു. എന്നിട്ടും പണം നല്‍കിയില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മരണത്തില്‍ ട്രസ്റ്റിനോ കോണ്‍ഗ്രസിനോ പങ്കില്ലെന്നും വന്‍കിട പണമിടപാടിലൂടെ ഉണ്ടായ നഷ്ടമാണ് ജോസഫിന്റെ മരണത്തിനു കാരണമെന്നുമാണ് കെ.കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികള്‍ നല്‍കിയിരുന്ന വിശദീകരണം. ആശുപത്രി പണിത വകയിലുള്ള 80 ശതമാനം പണവും നല്‍കിയിട്ടുണ്ടെന്നും റോഷി ജോസഫ് അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം പൊളിയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കരുണാകരന്റെ സ്മരണക്കായി ആധുനിക സംവിധാനങ്ങള്‍ ഉള്ള ആശുപത്രി പണിയുന്നതിനായി 2011 ലാണ് ചെറുപുഴയില്‍ കെ.കരുണാകരന്‍ ട്രസ്റ്റ് രൂപീകരിച്ചത്. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം കെ.കുഞ്ഞികൃഷ്ണന്‍ നായരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. പദ്ധതിക്കായി കണ്ടെത്തിയ രണ്ട് ഏക്കര്‍ ഭൂമിയില്‍ 70സെന്റ് സ്ഥലം ചെറുപുഴ ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിന് 2012ല്‍ കൈമാറി. അവിടെ നിര്‍മിച്ച കെട്ടിടത്തിന്റെ മുകള്‍ഭാഗം പിന്നീട് സിയാദ് എന്ന കമ്പനിക്ക് വില്‍ക്കുകയായിരുന്നു.
ആശുപത്രി ഇപ്പോള്‍ വാടകയ്ക്ക് നടത്തുന്നത് കാഞ്ഞങ്ങാട് കൃഷ്ണ മെഡിക്കല്‍ സെന്ററാണ്. ഇതിന്റെ ഉടമ ഉള്‍പ്പെട്ട
ലീഡര്‍ ഹോസ്പിറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഴുവന്‍ കെട്ടിടവും വാങ്ങാനുള്ള തയാറെടുപ്പിലാണ്. ഫലത്തില്‍ കെ.കരുണാകരന്‍ സ്മാരക ട്രസ്റ്റ് നാമാവശേഷമാണ്. അതേസമയം പദ്ധതിക്ക് ആവശ്യമായ പണം സമാഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികള്‍ രൂപീകരിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കളായ ട്രസ്റ്റ് ഭാരവാഹികളുടെ വിശദീകരണം.
പണം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. രാവിലേയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."