കണ്ണൂര്‍ വിമാനത്താവളം അമിത്ഷായ്ക്ക് തുറന്നുകൊടുത്തത് മുഖ്യമന്ത്രി: മുല്ലപ്പള്ളി
തിരുവനന്തപുരം: ഉദ്ഘാടനത്തിനു മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് ഇറങ്ങാന്‍ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അമിത് ഷായ്ക്കുവേണ്ടി പ്രത്യേകമായി തുറന്നു കൊടുത്തത്. യുദ്ധംപോലുള്ള അസാമാന്യ സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഇങ്ങനെ എന്തു സാഹചര്യമാണു കേരളത്തിലുള്ളതെന്നു മുല്ലപ്പള്ളി ചോദിച്ചു. അമിത്ഷാ കണ്ണൂരില്‍ വന്ന് ഇടതുസര്‍ക്കാരിനെതിരേ ഭീഷണിയും വെല്ലുവിളിയും മുഴക്കുകയാണ് ചെയ്തത്. ഇടതുസര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെങ്കിലും അതിനെ പിരിച്ചുവിടുമെന്ന ബി.ജെ.പിയുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ല.
സി.ബി.ഐ അന്വേഷിക്കുന്ന ലാവ്ലിന് കേസ് ഉപയോഗിച്ചാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും പിണറായിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത്. കേന്ദ്രം കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന മുഖ്യമന്ത്രിയാണ് ഇന്നു കേരളം ഭരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."