യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ നീക്കമെന്ന് നാട്ടുകാര്‍
രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാഴ്ച ഞെട്ടിക്കുന്നതായിരുന്നുവെന്ന് ദൃക്‌സാക്ഷി
ന്യൂഡല്‍ഹി: ഹരിയാനയില്‍ പള്ളി ഇമാമിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ പോലിസ് നീക്കമെന്ന് ആരോപണം. സോനെപത്ത് ജില്ലയിലെ ഗന്നൂര്‍ മനക് മജ്‌റ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ സത്ബീര്‍ എന്നൊരാളെ മാത്രമാണ് പൊലിസ് ഇതേവരെ അറസ്റ്റ് ചെയ്തത്. ഇയാള്‍ മനോരോഗിയും കുടുംബപ്രശ്‌നങ്ങളുള്ള ആളുമാണെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ ഇത് വിശ്വസനീയമല്ലെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പള്ളിയോട് ചേര്‍ന്ന് താമസിച്ചിരുന്ന അന്ധനായ ഇമാം മുഹമ്മദ് ഇര്‍ഫാന്‍ (26), ഭാര്യ യാസ്മീന്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. നേരത്തെ അവിടെയുണ്ടായിരുന്ന പഴയ പള്ളി പൊളിച്ചു മാറ്റിയ ശേഷം എട്ടു വര്‍ഷം മുന്‍പാണ് പുതിയ പള്ളിയുണ്ടാക്കിയത്. ഇമാം മുഹമ്മദ് ഇര്‍ഫാന്‍ ആറു മാസം മുന്‍പ് വിവാഹിതനായപ്പോള്‍ ഭാര്യയൊടൊപ്പം പള്ളിയോടു ചേര്‍ന്നുള്ള സ്ഥലത്ത് തന്നെ താമസമാക്കുകയായിരുന്നു. ഒരാള്‍ക്ക് മാത്രം ഇത്തരത്തില്‍ കൊല നടത്താനാവില്ലെന്നും പ്രദേശവാസിയായ അലി മുഹമ്മദ് ഫലാഹി സുപ്രഭാതത്തോട് പറഞ്ഞു.
വെള്ളിയാഴ്ച അവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് ചിലര്‍ ഇമാമിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് കൊലപാതകം നടക്കുന്നത്. അതുമായി ഈ കൊലപാതകത്തിന് ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഇക്കാര്യം തങ്ങള്‍ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് അറിയിച്ചുവെന്നും അലി മുഹമ്മദ് ഫലാഹി പറഞ്ഞു. 10 ശതമാനം മാത്രം കാഴ്ചയുള്ള ഇമാമിനോട് മറ്റാര്‍ക്കും വ്യക്തിവൈരാഗ്യം തോന്നേണ്ട കാര്യമില്ല. ക്രൂരമായ കൊലയാണ് നടന്നത്.
പുലര്‍ച്ചെയായിട്ടും ഇമാമിനെ കാണാതിരുന്നപ്പോള്‍ തങ്ങള്‍ വാതിലില്‍ മുട്ടിവിളിക്കുകയും അകത്തു കയറി നോക്കുകയുമായിരുന്നു. വീട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ചാണ് ഇമാം കിടന്നിരുന്നത്. ഇമാമിന്റെ തലക്കും മുഖത്തും ക്രൂരമായി വെട്ടേറ്റിരുന്നു. ഭാര്യയുടെ തലയ്ക്കും വെട്ടേറ്റിരുന്നു. ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും അലി മുഹമ്മദ് ഫലാഹി പറഞ്ഞു.
ഇരകള്‍ക്ക് നീതി ലഭ്യമാകണമെന്ന ഉദ്ദേശ്യത്തോടെ ഇക്കാര്യത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.പൊലിസ് അന്വേഷണം ശരിയായ നിലയിലല്ല പോകുന്നതെങ്കില്‍ കോടതിയെ സമീപിക്കാനും നാട്ടുകാര്‍ക്ക് പദ്ധതിയുണ്ട്. ഇതിനായി വിവിധ സംഘടനകളുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ നാട്ടുകാര്‍ ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."