കുട്ടിക്കടത്ത് ആരോപിച്ചവര്‍ കാണുന്നുണ്ടോ? അവര്‍ അവിടെ ദാരിദ്ര്യത്തോടു പൊരുതുകയാണ്
മുക്കം: 'ഉദ്യോഗസ്ഥരും മാധ്യമങ്ങളും കുട്ടിക്കടത്തെന്നു മുദ്രകുത്തി തിരിച്ചയച്ച വിദ്യാര്‍ഥികളുടെ അവസ്ഥ എന്താണെന്ന് അവര്‍ പിന്നീട് എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?'' ചോദിക്കുന്നത് മുക്കം മുസ്‌ലിം ഓര്‍ഫനേജില്‍ പഠിക്കുന്ന ബിഹാര്‍ വിദ്യാര്‍ഥികളാണ്.
തങ്ങളുടെ നാട്ടിലെ ദാരിദ്ര്യവും പട്ടിണിയും അരക്ഷിതമായ സാമൂഹിക അന്തരീക്ഷവും നേരിട്ടറിയാവുന്ന ബിഹാറിലെ വിദ്യാര്‍ഥികളുടെ ആ ചോദ്യത്തില്‍ നിസ്സഹായതയും തങ്ങളുടെ കൂട്ടുകാര്‍ക്കു ലഭിക്കേണ്ട വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ നഷ്ടപ്പെടുത്തിയവരോടുള്ള രോഷവും കലര്‍ന്നിരുന്നു.
കടുത്ത ദുരിതങ്ങളില്‍നിന്ന് പുതിയ ജീവിതം സ്വപ്നം കണ്ടു കേരളത്തിലേക്ക് യാത്രതിരിച്ച ഒരുപറ്റം വിദ്യാര്‍ഥികളെ കടുത്ത ദാരിദ്ര്യത്തിലേക്കു തന്നെ തിരിച്ചയച്ച 2014 ലെ 'കുട്ടിക്കടത്ത്' ഗൂഢാലോചന പൊളിയുമ്പോള്‍ ബാക്കിയാവുന്നത് നിരവധി ചോദ്യങ്ങളാണ്.
ദരിദ്ര ചുറ്റുപാടുകളില്‍ കഴിയുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നല്‍കി അവര്‍ക്കു പുതിയൊരു ജീവിതം നല്‍കുകയായിരുന്നു മുക്കം അനാഥശാല ചെയ്തിരുന്നത്.2014 ഏപ്രില്‍ 24ന് വൈകുന്നേരം പാലക്കാട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. വേനലവധിക്കു നാട്ടില്‍ പോയി മടങ്ങുകയായിരുന്ന ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുക്കം മുസ്‌ലിം അനാഥശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ കുട്ടിക്കടത്ത് ആരോപിച്ച് റെയില്‍വേ പൊലിസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അനാഥശാലയില്‍ പഠിക്കുന്ന 280 വിദ്യാര്‍ഥികളെ കൂടാതെ കടുത്ത ദാരിദ്ര്യത്തില്‍നിന്ന് രക്ഷതേടി ബന്ധുക്കളും സുഹൃത്തുക്കളുമായ 176 മറ്റു വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ആരോ നല്‍കിയ പരാതിയെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കൂടെ വന്ന 176 വിദ്യാര്‍ഥികള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ഉണ്ടായിരുന്നില്ല.
അനാഥശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ടിക്കറ്റുകള്‍ സ്ഥാപനം എടുത്തുനല്‍കിയിരുന്നു.
എന്നാല്‍ ഇവരോടൊപ്പം കേരളത്തിലേക്ക് വന്ന മറ്റ് വിദ്യാര്‍ഥികളെ സംബന്ധിച്ച് സ്ഥാപനത്തിന് അറിവുണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ അനാഥശാലയുമായി റെയില്‍വേ പൊലിസ് ബന്ധപ്പെടുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനു ഫൈന്‍ ഈടാക്കുകയും ചെയ്തു.
ഇതിനിടയില്‍ കുട്ടിക്കടത്ത് എന്ന പേരില്‍ മാധ്യമവിചാരണ തുടങ്ങുകയും പൊലിസും സാമൂഹികനീതി ഉദ്യോഗസ്ഥരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സര്‍ക്കാറും യാഥാര്‍ഥ്യം അന്വേഷിക്കാതെ ചിലരുടെ പ്രത്യേക താല്‍പ്പര്യപ്രകാരം കേസെടുക്കുകയും ചെയ്യുകയായിരുന്നു.
ഈ ഗൂഢാലോചനയാണ് ബിഹാര്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പൊളിച്ചത്.
സംഭവത്തെ തുടര്‍ന്ന് പത്തു ദിവസത്തോളമാണ് വിദ്യാര്‍ഥികള്‍ പാലക്കാട്, കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ കീഴില്‍ ദുരിതത്തില്‍ കഴിഞ്ഞത്. കേരളത്തിലെത്തിയ 456 വിദ്യാര്‍ഥികളില്‍ 207 വിദ്യാര്‍ഥികളെ മാത്രമാണ് അധികൃതര്‍ അനാഥശാലക്ക് കൈമാറിയത്. ബാക്കിയുള്ള വിദ്യാര്‍ഥികളെ കടുത്ത ദരിദ്ര ചുറ്റുപാടുകളിലേക്കു തന്നെ തിരിച്ചയച്ചു.
അവര്‍ ഇപ്പോള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ കഴിയാതെ ഇഷ്ടികച്ചൂളകളിലും മറ്റും പണിയെടുത്ത് ജീവിക്കുകയാണെന്ന് അന്ന് അവരോടൊപ്പം ഉണ്ടായിരുന്ന, ഇപ്പോള്‍ അനാഥശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പറയുന്നു.
വിവാദം ഉണ്ടായിരുന്നില്ലെങ്കില്‍ തിരിച്ചയക്കപ്പെട്ട വിദ്യാര്‍ഥികള്‍ നല്ല നിലയില്‍ എത്തുമായിരുന്നുവെന്നും അതുവഴി അവരുടെ കുടുംബവും നാടും ദാരിദ്ര്യത്തില്‍നിന്ന് കരകയറുമായിരുന്നുവെന്നും മുക്കം അനാഥശാല അധികൃതര്‍ പറയുന്നു.
\
2014ലെ സംഭവത്തിനു ശേഷം കേരളത്തിനു പുറത്തുനിന്ന് ഒരു വിദ്യാര്‍ഥിയെ പോലും സ്ഥാപനത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടായിരുന്നില്ലെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച സാമൂഹികാന്തരീക്ഷം ഒരുക്കാന്‍ തങ്ങള്‍ക്കു കഴിയുമായിരുന്നുവെന്നും അനാഥശാല അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
മുക്കം അനാഥശാലയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ സംസ്ഥാന സ്‌കൂള്‍ മേളകളില്‍ അടക്കം വന്‍ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്.
ഹാറി വിദ്യാര്‍ഥികളായ മുഹമ്മദ് ഷഹാദത്ത് ആലം ഈ വര്‍ഷവും മുഹമ്മദ് ഇംതിയാസ് ആലം കഴിഞ്ഞ വര്‍ഷവും മലയാളം മീഡിയത്തില്‍ പഠിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. ഇത്തരത്തില്‍ മികച്ച വിദ്യാഭ്യാസവും പഠനാന്തരീക്ഷവും സാമൂഹിക ചുറ്റുപാടുകളും ഒരുപറ്റം വിദ്യാര്‍ഥികള്‍ക്കു നിഷേധിക്കുകയും അവരെ കടുത്ത ദരിദ്ര ചുറ്റുപാടുകളിലേക്ക് തന്നെ വലിച്ചെറിയുകയുമാണ് കുട്ടിക്കടത്ത് ആരോപണങ്ങളിലൂടെ നടന്നത്. സംഭവത്തില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."