ഓട്ടോ ഡ്രൈവറുടെ സത്യസന്ധത; പണമടങ്ങിയ പേഴ്‌സ് ഉടമക്ക് തിരികെ ലഭിച്ചു
മട്ടാഞ്ചേരി: ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയില്‍ നഷ്ടപ്പെട്ടെന്ന് കരുതിയ പണം വീട്ടമക്ക് തിരികെ ലഭിച്ചു. ഈരവേലി സ്വദേശിയായ രഞ്ജു സേവ്യറെന്ന ഓട്ടോ ഡ്രൈവറാണ് തനിക്ക് ഓട്ടോയില്‍ നിന്ന് ലഭിച്ച പണമടങ്ങിയ പേഴ്‌സ് ഉടമക്ക് തിരികെ നല്‍കി മാതൃക കാട്ടിയത്.
കരുവേലിപ്പടി സപ്‌ളൈക്കോയുടെ സമീപം താമസിക്കുന്ന മനാഫിന്റെ ഭാര്യ സബിതയുടെ പണമടങ്ങിയ പേഴ്‌സാണ് ഓട്ടോറിക്ഷയില്‍ വെച്ച് മറന്ന് പോയത്.ശനിയാഴ്ച രാത്രി ഏഴര മണിയോടെയാണ് സബിത തോപ്പുംപടി ഓട്ടോ സ്റ്റാന്റില്‍ നിന്ന് രഞ്ജുവിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്.
ആറായിരത്തിയഞ്ഞൂറ് രൂപയും നിരവധി രേഖകളും അടങ്ങിയ പേഴ്‌സ് ഓട്ടോറിക്ഷയുടെ സീറ്റില്‍ വെച്ച സബിത ഡ്രൈവര്‍ക്ക് നല്‍കുവാനുള്ള പണം കയ്യില്‍ കരുതി.
സ്ഥലത്തെത്തിയപ്പോള്‍ പേഴ്‌സ് എടുക്കാതെ കൂലി നല്‍കി പോരുകയായിരുന്നു.ഡ്രൈവര്‍ പോയതിന് ശേഷമാണ് പേഴ്‌സ് മറന്ന വിവരം സബിത ഓര്‍ക്കുന്നത്.ഉടന്‍ ഭര്‍ത്താവിന്റെ സുഹൃത്തായ പൊതു പ്രവര്‍ത്തകന്‍ ഷമീര്‍ നൈയെ അറിയിച്ചു.ഷമീര്‍ ഓട്ടോറിക്ഷ മേഖലയിലെ യൂണിയന്‍ നേതാക്കളെ വിവരമറിയിച്ചെങ്കിലും കണ്ടെത്താനായില്ല.രാത്രി ഓട്ടോറിക്ഷ കയറ്റുന്ന സമയത്ത് വീട്ടിലേക്ക് വാങ്ങിയ സാധനങ്ങള്‍ എടുക്കുന്നതിനിടെയിലാണ് സഞ്ജുവിന്റെ കണ്ണില്‍ പേഴ്‌സ് കാണുന്നത്.
പേഴ്‌സില്‍ നിന്ന് ലഭിച്ച ഒരു കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ അഞ്ചാം ഡിവിഷനിലെ വിലാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സഞ്ജു പേഴ്‌സ് ഡിവിഷന്‍ കൗണ്‍സിലര്‍ ടി.കെ.അഷറഫിന്റെ വസതിയില്‍ എത്തിക്കുകയായിരുന്നു.ഷമീര്‍ നൈയില്‍ നിന്ന് വിവരം അറിഞ്ഞിരുന്ന ടി.കെ.അഷറഫ് നഷ്ടപ്പെട്ടവരെ വിളിച്ച് വരുത്തി സഞ്ജുവിന്റെ സാന്നിദ്ധ്യത്തില്‍ തിരികെ നല്‍കുകയായിരുന്നു.പേഴ്‌സ് തിരികെ നല്‍കി സത്യസന്ധത കാണിച്ച സഞ്ജുവിനെ കൗണ്‍സിലര്‍ അനുമോദിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."