1,42,216 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് നേമം ബ്ലോക്ക് പഞ്ചായത്ത്
നേമം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം 2018-19 സാമ്പത്തികവര്‍ഷം ഇതുവരെ 1,42,216 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് നേമം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിനു കീഴിലെ ഏഴ് പഞ്ചായത്തുകളിലും മാതൃകാപരമായ നടപടിയാണ് തൊഴില്‍ ദിനങ്ങളുടെ കാര്യത്തില്‍ കൈക്കൊണ്ടതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി പറഞ്ഞു.
വിളവൂര്‍ക്കല്‍ പഞ്ചായത്തിലാണ് ഏറ്റവുമധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനായത്. 29,055 തൊഴില്‍ ദിനങ്ങള്‍ ഇവിടെ മാത്രം സൃഷ്ടിച്ചപ്പോള്‍ പള്ളിച്ചല്‍ പഞ്ചായത്തില്‍ 24,744 ദിനങ്ങളും മലയിന്‍കീഴില്‍ 23,987 ദിനങ്ങളും മാറനല്ലൂരില്‍ 20,926 തൊഴില്‍ ദിനങ്ങളും സൃഷ്ടിക്കാനായി. കല്ലിയൂര്‍ പഞ്ചായത്തില്‍ 16,720 തൊഴില്‍ദിനങ്ങളാണ് സൃഷ്ടിച്ചത്. ബാലരാമപുരത്ത് സൃഷ്ടിച്ച 13,554 ദിനങ്ങളില്‍ 2,726 ദിനങ്ങളും പട്ടികജാതിക്കാര്ക്കായാണ്. വിളപ്പില്‍ പഞ്ചായത്തില്‍ 13,230 ദിനങ്ങളും സൃഷ്ടിക്കാനായി. പട്ടികജാതിക്കാര്‍ക്കായി സൃഷ്ടിച്ച തൊഴില്‍ ദിനങ്ങളുടെ എണ്ണം ആകെ 24,924 ആണ്.
പട്ടിക വര്‍ഗക്കാര്‍ക്കായി 111 ദിനങ്ങളും സൃഷ്ടിച്ചു. 271 രൂപയാണു പ്രതിദിനം ലഭിക്കുക. തൊഴിലുറപ്പു പദ്ധതി പ്രകാരം കിണര്‍ നിര്‍മാണത്തിനും വ്യക്തിഗത ശുചിമുറി നിര്‍മാണത്തിനും ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാമെന്ന് പ്രസിഡന്റ് അറിയിച്ചു. ഇവര്‍ക്കായി പരമാവധി 12,000 രൂപവരെ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."