ഐ.എസ്.എല്ലില്‍ ഇനി 10 ടീമുകള്‍; ബംഗളൂരു എഫ്.സിയും ജംഷഡ്പൂരും പുതിയ ടീമുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്തായി ഉയര്‍ന്നു. രണ്ട് ടീമുകള്‍ക്കായുള്ള ഒഴിവിലേക്ക് മുന്‍ ഐ ലീഗ് ചാംപ്യന്‍മാരും നിലവിലെ ഫെഡറേഷന്‍ കപ്പ് ജേതാക്കളുമായ ബംഗളൂരു എഫ്.സിയും മറ്റൊരു ടീം ജംഷഡ്പൂരിനെ പ്രതിനിധീകരിച്ചും പുതിയ സീസണില്‍ മൈതാനത്തിറങ്ങും. ജംഷഡ്പൂരിനെ ടാറ്റ സ്റ്റീലാണ് സ്വന്തമാക്കിയത്. ബംഗളൂരുവിനെ അവരുടെ നിലവിലെ ഉടമകള്‍ തന്നെയായ സൗത്ത് വെസ്റ്റ് (ജെ.എസ്.ഡബ്ല്യു) ഗ്രൂപ്പും രംഗത്തിറക്കും. കഴിഞ്ഞ മാസമാണ് പുതിയ ടീമുകള്‍ക്കായുള്ള ടെന്‍ഡറുകള്‍ വിളിച്ചത്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസിന്റെ സാന്നിധ്യത്തിലാണ് ടെന്‍ഡര്‍ നടപടികള്‍ നിയന്ത്രിച്ച സ്വതന്ത്ര സമിതി പുതിയ രണ്ട് ടീമുകളെ പ്രഖ്യാപിച്ചത്.
വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ്, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, പൂനെ സിറ്റി എഫ്.സി, ചെന്നൈയിന്‍ എഫ്.സി, നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ, ഡല്‍ഹി ഡൈനാമോസ് ടീമുകളും ഒപ്പം ബംഗളൂരു എഫ്.സി, ജംഷഡ്പൂര്‍ ടീമുകളുമടക്കം പത്ത് ടീമുകള്‍ മാറ്റുരയ്ക്കും.
നാല് വര്‍ഷം മുന്‍പ് ഐ ലീഗില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യന്‍ ഫുട്‌ബോളില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത ടീമാണ് ബംഗളൂരു എഫ്.സി. നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ ഐ ലീഗ് കിരീടവും രണ്ട് തവണ ഫെഡറേഷന്‍ കപ്പും ടീം സ്വന്തമാക്കിയിട്ടുണ്ട്. എ.എഫ്.സി കപ്പില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയ ഇന്ത്യയിലെ ഏക ക്ലബും ബംഗളൂരുവാണ്. ആ മികവ് ഇനി ഐ.എസ്.എല്ലിലും കാണാം. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയും മലയാളി താരം സി.കെ വിനീതുമടക്കമുള്ള പ്രമുഖര്‍ ബംഗളൂരുവിന്റെ താരങ്ങളാണ്.
ഇന്ത്യയിലെ യുവ ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളായി കരുത്ത് പകരുന്നവരാണ് ടാറ്റ സ്റ്റീല്‍ ലിമിറ്റഡ്. ജംഷഡ്പൂര്‍ ആസ്ഥാനമായി ടാറ്റ ഫുട്‌ബോള്‍ അക്കാദമി നടത്തിയാണ് കമ്പനി താരങ്ങളെ റിക്രൂട്ട് ചെയ്യുന്നത്. 1987 മുതലാണ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചത്. ഈ മുന്‍പരിചയത്തിന്റെ ബലത്തിലാണ് കമ്പനി തങ്ങളുടെ ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത്.
നേരത്തെ ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന സമയത്ത് പുതിയ ടീമുകളെ ഉള്‍പ്പെടുത്തുന്ന വിഷയം വിവാദമായിരുന്നു. ഐ.എസ്.എല്ലിലേക്ക് വരുമെന്ന് കരുതപ്പെട്ടിരുന്ന ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായരായ കൊല്‍ക്കത്തയില്‍ നിന്നുള്ള മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും സംയുക്തമായി ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കിയ സംഭാവന പരിഗണിച്ച് ഫ്രാഞ്ചൈസി ഫീസില്‍ ഇളവ് ആവശ്യപ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇത് തള്ളിയ ഐ.എസ്.എല്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇരു ടീമുകളും ടെന്‍ഡര്‍ സമര്‍പ്പിക്കാതെ പിന്‍മാറിയത് വാര്‍ത്തയായി. ഐ.എസ്.എല്‍ മത്സരങ്ങള്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ അനുവദിക്കില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളും ഇരു ക്ലബിന്റെയും അധികൃതര്‍ നടത്തിയിരുന്നു.
സാംബ്രോട്ട ഡല്‍ഹി പരിശീലക സ്ഥാനം ഉപേക്ഷിക്കുന്നു
ന്യൂഡല്‍ഹി: ഐ.എസ്.എല്‍ ടീം ഡല്‍ഹി ഡൈനാമോസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മുന്‍ ഇറ്റാലിയന്‍ താരം ജിയാന്‍ലൂക്ക സാംബ്രോട്ട പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് ക്ലബ് ജിയാംഗ്‌സു സുനിങിന്റെ സഹ പരിശീലകനായി മുന്‍ താരം ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് വര്‍ഷത്തെ കരാറാണ് ഡല്‍ഹിയുമായി മുന്‍ ഇറ്റാലിയന്‍ താരം ഒപ്പ് വച്ചത്. ചൈനീസ് ഓഫര്‍ സ്വീകരിച്ചാല്‍ ഒറ്റ വര്‍ഷ കരാര്‍ റദ്ദാക്കി സാംബ്രോട്ട ഡല്‍ഹി ടീം ഉപേക്ഷിക്കും.
മുന്‍ ഇംഗ്ലണ്ട്, റഷ്യ പരിശീലകനായിരുന്ന ഫാബിയോ കപ്പെല്ലോ ജിയാംഗ്‌സു സുനിങിന്റെ മുഖ്യ പരിശീലകനായി ചുമുതലയേറ്റിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റായാണ് സാംബ്രോട്ട സ്ഥാനമേല്‍ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്റെയും ചൈനീസ് ടീമിന്റെയും ഉടമസ്ഥര്‍ ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. സാംബ്രോട്ടയ്‌ക്കൊപ്പം എ.സി മിലാന്റെ താത്കാലിക പരിശീലകനായിരുന്ന ക്രിസ്റ്റ്യന്‍ ബ്രോചിയേയും കപ്പെല്ലോ സഹ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."