നീലേശ്വരം ബസ് സ്റ്റാന്റ് - മാര്‍ക്കറ്റ് റോഡ് തകര്‍ന്നു,യാത്ര ദുരിതമാകുന്നു
നീലേശ്വരം: മഴക്കാലം ശക്തമായതോടെ നീലേശ്വരം ബസ് സ്റ്റാന്റ്- മാര്‍ക്കറ്റ് റോഡ് തകര്‍ന്നു. മെയിന്‍ ബസാര്‍ മുതല്‍ മാര്‍ക്കറ്റ് ജങ്ഷന് വരെയുള്ള റോഡാണ് ഗതാഗത യോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നത്. ദിവസവും നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്.
റോഡില്‍ കല്ലുകള്‍ ഇളകിക്കിടക്കുന്നത് ഇരുചക്ര വാഹന യാത്രക്കാരെയും കാല്‍നട യാത്രക്കാരെയുമാണ് ഏറെ ദുരിതത്തിലാക്കിയത്. റോഡിലെ കുഴികളില്‍ മഴവെള്ളം നിറഞ്ഞു നില്ക്കുന്നതിനാല് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇളകിയ കല്ലുകള്‍ തെറിച്ചു കാല്‍നട യാത്രക്കാര്‍ക്കും പരുക്കേല്‍ക്കുന്നുണ്ട്.
റോഡ് തകര്‍ന്നതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായി. നഗരത്തിലെ പ്രധാന റോഡായ ഇതിന്റെ അവസ്ഥ പലതവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്നു ഡ്രൈവര്‍മാര്‍ പറയുന്നു. എത്രയും പെട്ടെന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ഈ റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവയ്ക്കുമെന്നു ഡ്രൈവര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."