പടക്കം പൊട്ടിക്കല്‍: ദീപാവലിക്ക് കേരളത്തിന് നേരിയ ഇളവ്
ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനുള്ള സമയനിയന്ത്രണത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു സുപ്രിംകോടതി ഇളവുനല്‍കി. കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളില്‍ പകല്‍ സമയത്ത് സൗകര്യപ്രദമായ രണ്ടുമണിക്കൂര്‍ നേരം പടക്കങ്ങള്‍ പൊട്ടിക്കാമെന്നു ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ദീപാവലിക്ക് രാത്രി എട്ടു മുതല്‍ പത്തു വരെ മാത്രമെ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന് കഴിഞ്ഞയാഴ്ച സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ രണ്ടുമണിക്കൂര്‍ ഏതുസമയത്ത് ആവാമെന്ന് അതതു സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നാണ് ഇന്നലെ കോടതി വ്യക്തമാക്കിയത്. ഓരോ സംസ്ഥാനത്തെയും പ്രാദേശിക ആചാരങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാരിന് സമയം നിശ്ചയിക്കാമെന്നും ജസ്റ്റിസ് സിക്രി അറിയിച്ചു.
ദീപാവലി ദിവസം രാവിലെ പടക്കം പൊട്ടിക്കുന്ന ആചാരം നിലനില്‍ക്കുന്നതിനാല്‍ രാവിലെ നാലര മുതല്‍ ആറര വരെ ഇതിന് അനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.
അതേസമയം, ഡല്‍ഹിയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും ഏതാനും ഭാഗങ്ങളും കൂടി ഉള്‍പ്പെടുന്ന രാജ്യതലസ്ഥാന മേഖലയില്‍ (എന്‍.സി.ആര്‍) പടക്കങ്ങള്‍ പൊട്ടിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും കോടതി നിബന്ധനയുണ്ട്.
എന്നാല്‍, ഈ നിബന്ധന മറ്റുസംസ്ഥാനങ്ങള്‍ക്ക് ഇല്ല. കേസില്‍ ഇന്നാണ് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."