അധ്യാപക സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന്
തൊടുപുഴ: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന് രക്ഷകര്‍തൃ കൂട്ടായ്മ ആവശ്യപ്പെട്ടു.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നതും വിദ്യാര്‍ഥി സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഹാനികരവുമായ സ്ഥലം മാറ്റ നടപടികള്‍ വാര്‍ഷിക പരീക്ഷക്ക് ശേഷം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഇതിനോടകം നടന്ന സ്ഥലംമാറ്റങ്ങള്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും കൂട്ടായ്മ വിലയിരുത്തി.
ഒരു സ്‌കൂളില്‍ ഒരേ വിഷയത്തിന് ഒന്നിലധികം അധ്യാപകര്‍ വിന്യസിക്കപ്പെടുകയും ചില സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ ഇല്ലാത്ത അവസ്ഥയുമുണ്ട്. ഫെബ്രുവരിയില്‍ പ്രാക്ടിക്കലും മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷകളും ആരംഭിക്കാനിരിക്കെ ഈ മാസം നടക്കുന്ന അയ്യായിരത്തില്‍പരം അധ്യാപകരുടെ സ്ഥലംമാറ്റം അനുചിതമാണ്.
നടന്നതും നടക്കാനിരിക്കുന്നതുമായ സ്ഥലംമാറ്റം ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനം കാത്തിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കും.
വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങളും പദ്ധതികളും വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ളതാവണം എന്നിരിക്കെ ഇതിന് കടക വിരുദ്ധമായ നടപടികളാണ് ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് സ്വീകരിക്കുന്നത്.
കേരളത്തിലെ സാധാരണകാരുടെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നടക്കാനിരിക്കുന്ന അധ്യാപക സ്ഥലം മാറ്റം വാര്‍ഷിക പരീക്ഷക്ക് ശേഷമാക്കിയും അടുത്ത അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും രക്ഷകര്‍തൃ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ശശികുമാര്‍ കിഴക്കേടവും കണ്‍വീനര്‍ സുധാകരനും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."