വിജിലന്‍സ് പരിശോധന; വനംവകുപ്പ് ഓഫിസില്‍ ചന്ദനമുട്ടി കണ്ടെത്തി
തൊടുപുഴ: സംസ്ഥാന അതിര്‍ത്തിയിലെ ചിന്നാര്‍ വനം വകുപ്പ് ചെക്ക് പോസ്റ്റിലും ഓഫിസിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മഹസര്‍ രേഖപ്പെടുത്താതെ സൂക്ഷിച്ച ചന്ദനമുട്ടി കണ്ടെത്തി. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ ചാക്കില്‍കെട്ടിയ സൂക്ഷിച്ച നിലയില്‍ ആറരകിലോ ചന്ദനമുട്ടിയാണ് കണ്ടെത്തിയത്. ഓണക്കാല പരിശോധനകളുടെ ഭാഗമായി കോട്ടയം വിജിലന്‍സ് യൂനിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതിനുസമീപത്തെ എക്‌സൈസ് ഓഫിസിലെ ഇന്‍സ്‌പെക്ടര്‍ അനധികൃത അവധിയിലാണെന്നും കണ്ടെത്തി.
ചെക്ക് പോസ്റ്റില്‍ കാഷ് രജിസ്റ്റര്‍ കൃത്യമായി പരിപാലിക്കുന്നില്ലെന്നും വാഹനങ്ങളുടെ നമ്പര്‍ രേഖപ്പെടുത്തുന്നതിലടക്കം ക്രമക്കേടുണ്ടെന്നും കണ്ടെത്തി. ഇതിനുപിന്നാലെയാണ് ചെക്ക് പോസ്റ്റിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ വിജിലന്‍സ് പരിശോധന നടത്തിയത്.
തിരുവോണ ദിവസം വനത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചന്ദനമുട്ടികള്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം.
തിരക്കുകാരണം ഇതുസംബന്ധിച്ചുള്ള മഹസര്‍ രേഖപ്പെടുത്താന്‍ സാധിച്ചില്ല. ഈ ചന്ദനമുട്ടികളാണ് ക്വാര്‍ട്ടേഴ്‌സിനുള്ളിലേയ്ക്ക് മാറ്റിയതെന്നും വനം വകുപ്പ് ജീവനക്കാര്‍ വ്യക്തമാക്കുന്നു. കോട്ടയം വിജിലന്‍സ് യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ റിജോ പി. ജോസഫ്, ഇടുക്കി യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ കെ. സദന്‍, കോട്ടയം യൂനിറ്റിലെ ഉദ്യോഗസ്ഥരായ വിനോദ് സുരേഷ്, സജി, ഇടുക്കി യൂനിറ്റ് അംഗങ്ങളായ ഡാനിയേല്‍, സാമുവേല്‍ ജോസഫ്, സുരേന്ദ്രന്‍, ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരു കേസുകളും സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. പിടിച്ചെടുത്ത ചന്ദനത്തടി മഹസര്‍ തയാറാക്കുന്നതിന് വനംവകുപ്പിന് തന്നെ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."