പ്രതീക്ഷയുടെ ആന്റിനയുമായി ഐ.എസ്.ആര്.ഒ
#ശരീഫ് കൂലേരി
ബംഗളൂരു: ലാന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടപ്പെട്ട ചന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ കഴിഞ്ഞ ഒരാഴ്ചയായി ഐ.എസ്.ആര്.ഒയിലെ ഗവേഷകര്‍ ശ്രമിക്കുകയാണ്.
ഈ മാസം ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഇത് പുനഃസ്ഥാപിക്കാന്‍ അവസാന ശ്രമമെന്ന നിലയില്‍ ആന്റിനയുടെ സഹായം തേടാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്.ഒയിലെ ഗവേഷകര്‍.
മഹാരാഷ്ട്രയിലെ ട്രോംബെയിലുള്ള ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിന് (ബാര്‍ക്ക്) വിക്രം ലാന്‍ഡറെ ഉണര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 32 മീറ്റര്‍ വ്യാസമുള്ള ഒരു ആന്റിനയാണ് ഉപയോഗപ്പെടുത്തുന്നത്.
ബാര്‍ക്ക് സെന്ററും ബംഗളരൂവിനടുത്തുള്ള ബിയാലാലുവിലുള്ള ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്കിന്റെ ഭാഗമായ ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും (എസില്‍) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ആന്റിനയ്ക്ക് വിക്രം ലാന്‍ഡറുമായി സിഗ്നല്‍ സ്ഥാപിക്കാന്‍ പങ്കുവഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 32 മീറ്റര്‍ ആന്റിനയ്ക്ക് ഒരു ടെന്നീസ് കോര്‍ട്ടിന്റെ അഞ്ചിരട്ടി വലുപ്പമുണ്ട്. 65 കോടി രൂപ ചെലവിട്ടാണ് ഈ ആന്റിന നിര്‍മിച്ചിരിക്കുന്നതെന്ന് ബാര്‍ക്കിന്റെ വക്താവ് അറിയിച്ചു.
ആന്റിന ബഹിരാകാശ പേടകത്തില്‍നിന്ന് സിഗ്നലുകള്‍ സ്വീകരിക്കുകയും നിയന്ത്രണ കേന്ദ്രത്തില്‍നിന്ന് പേടകത്തിലേക്ക് കമാന്‍ഡുകള്‍ കൈമാറുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."