ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഗുണഫലം നിഷേധിക്കുന്നതായി ആക്ഷേപം
കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഭവന വായ്പാ നിരക്ക് കുറച്ചിട്ടും അതിന്റെ ഗുണഫലം ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ നിക്ഷേധിക്കുന്നതായി ആക്ഷേപം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് ഈ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി റിസര്‍ച്ച് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് ഭവന വായ്പാ നിരക്കില്‍ കുറവ് വന്നിരുന്നു. എന്നാല്‍ ഈ കുറവ് ഉപഭോക്താക്കള്‍ക്ക് നുവദിച്ചു നല്‍കാന്‍ രാജ്യത്തെ ബാങ്കുകള്‍ വിമുഖത കാട്ടുകയാണ്.
ഇതിനെതിരെ പ്രതിക്ഷേധം വ്യാപകമായതോടെ പലിശനിരക്ക് കുറക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായി. എന്നാല്‍ ഈ കുറവ് നല്‍കുന്നതിനു ഉപാധികള്‍ വച്ചതോടെ ഫലത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണഫലം കിട്ടില്ലെന്നുറപ്പായി.പുതിയ ഭവന വായ്പകള്‍ക്ക് നിരക്ക് ഇപ്പോള്‍ 8.35 ശതമാനം ആണ് പല ബാങ്കുകളും ഈടക്കുന്നത്.
മറ്റൊരു ബാങ്കില്‍ നിന്നും ടേക്ക് ഓവര്‍ ചെയ്യുന്ന വായ്പകള്‍ക്കും ഇതേ നിരക്ക് നല്‍കുമെങ്കിലും പ്രോസസിങ് ചാര്‍ജ് ഈടാക്കും. പഴയ വായ്പകള്‍ക്ക് 8.5 ശതമാനം നിരക്കാണ് ബാങ്കുകള്‍ നല്‍കുന്നത്. ഇത് ലഭിക്കണമെങ്കില്‍ അപേക്ഷ നല്‍കണം. ഇതിനും പ്രോസസിങ് ചാര്‍ജ് ഈടാക്കും. നിലവില്‍ അടയ്ക്കാനുള്ള തുകയുടെ 0.05 ശതമാനമാണ് പ്രോസസിങ് ചാര്‍ജ്. ഇതോടെ ഫലത്തില്‍ ഗുണഭോക്താവിനു വായ്പാ കുറവിന്റെ ഗുണം ലഭിക്കാതെ പോകുന്നു.
പതിനഞ്ച് ലക്ഷം രൂപാ വായ്പ എടുത്ത ഒരാള്‍ക്ക് ഇനി 1317851 അടക്കാനുണ്ടെന്നു കരുതുക. ഇപ്പോഴത്തെ നിരക്കനുസരിച്ച് 9.8 ശതമാനമാണ് പലിശ.
പലിശ നിരക്ക് കുറയ്ക്കാന്‍ ഏകദേശം 7000 രൂപയോളം പ്രോസസിംഗ് ചാര്‍ജ് അടയ്ക്കണം. പലിശ നിരക്ക് കുറച്ചു കഴിയുമ്പോള്‍ ഏകദേശം 800 രൂപ മാസ അടവില്‍ കുറവ് വരും. ഒരു വര്‍ഷം കൊണ്ട് 9600 രൂപാ കുറയും. പ്രോസസിംഗ് ചാര്‍ജ് കിഴിച്ചാല്‍ 2600 രൂപയേ ഉപഭോക്താവിനു കുറവായി ലഭിക്കുന്നുള്ളൂ. മാത്രമല്ല അടുത്ത വര്‍ഷം പലിശ നിരക്കില്‍ കുറവുണ്ടായാല്‍ ഇതേ നടപടിക്രമം പൂര്‍ത്തിയാക്കണം.
പലിശ നിരക്ക് കുറച്ചതും ബാങ്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുന്ന ചെപ്പടിവിദ്യയാണ് ഇത്. പലിശ നിരക്ക് കുറയ്ക്കുവാന്‍ നല്‍കുന്ന പ്രോസസിങ് ഫീസ് ഇനത്തിലൂടെ വന്‍ തുകയാണ് ബാങ്കുകള്‍ മുന്‍കൂറായി സമാഹരിക്കുന്നത്. എന്നാല്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ ഉപഭോക്താക്കളെ അറിയിക്കാതെ ബാങ്കുകള്‍ ഈടാക്കാറുണ്ട്. ഇരുകക്ഷികള്‍ തമ്മില്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടാല്‍ ആ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെങ്കില്‍ മാറ്റം വരുത്തുന്നയാള്‍ രണ്ടാം കക്ഷിയെ അറിയിച്ച് സമ്മതം വാങ്ങണമെന്നുണ്ടെങ്കിലും ബാങ്കുകള്‍ ഇതു പാലിക്കാറില്ലെന്നു വ്യാപക ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ പേരില്‍ പ്രോസസിംഗ് ചാര്‍ജ് ഈടാക്കുന്നത് പിന്‍വലിക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."