ഈ വര്‍ഷം പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 2,050 പ്രാവശ്യം
ന്യൂഡല്‍ഹി: ഈ വര്‍ഷം ഇതുവരെ 2050 തവണ പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായതായി വിദേശകാര്യമന്ത്രാലയം. ഇക്കാലയളവില്‍ ഇതുവരെ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ 21 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു.
അതിര്‍ത്തിയിലെ സമാധാനം കാത്തു സൂക്ഷിക്കണമെന്ന് തുടര്‍ച്ചയായി പാക് സൈന്യത്തോട് ആവശ്യപ്പെട്ടുവെന്നും ഇന്ത്യന്‍ സൈന്യം പരമാവധി സംയമനം പാലിച്ചുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ജമ്മുകശ്മിരില്‍ ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള രാജ്യാന്തര വേദികളില്‍ പാകിസ്താന്‍ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചുവരുന്നതിനിടെയാണ് ഇന്നലെ ഈ കണക്കുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടത്.
അതിര്‍ത്തി കടന്നുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെയും നുഴഞ്ഞുകയറ്റത്തെയും പാകിസ്താന്‍ പിന്തുണയ്ക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നിരന്തരം വെടിയുതിര്‍ക്കുകയാണ്. 2003ല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ ഉടമ്പടി ലംഘിച്ചാണ് ഈ നടപടികളൊക്കെയും.
ഈ സമയത്തൊക്കെയും ഇന്ത്യയുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഇല്ലായിരുന്നു. 2003ലെ ഉടമ്പടി പ്രകാരം നിയന്ത്രണരേഖയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടതുണ്ട്. മേഖലയിലെ സാധാരണക്കാരെ പാകിസ്താന്‍ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിലും തദ്ദേശീയര്‍ കൊല്ലപ്പെടുന്നതിലും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."