നീലിയാട്‌നിന്ന് എടപ്പാളിലേക്കെത്താന്‍ ജനങ്ങള്‍ പെടാപ്പാട് പെടുന്നു
പടിഞ്ഞാറങ്ങാടി: പുനര്‍നിര്‍മാണത്തിനായി തകര്‍ത്ത റോഡിന്റെ നിര്‍മാണം എങ്ങുമെത്താത്തത് കാരണം നീലിയാട്‌നിന്ന് എടപ്പാളിലെത്താന്‍ ജനങ്ങള്‍ പെടാപ്പാട് പെടുന്നു. പല വാഹനങ്ങളും പോക്കറ്റ് റോഡുകളിലൂടെയാണ് എടപ്പാളിലേക്കും മറ്റുമെത്താന്‍ ശ്രമിക്കുന്നത്. നീലിയാട്-എടപ്പാള്‍ റോഡിലൂടെയുള്ള ദുരിതയാത്രയ്ക്ക് എന്നു പരിഹാരമാകുമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നുമില്ല.
റോഡ് വികസനത്തിന്റെ ഭാഗമായാണ് നീലിയാട് മുതല്‍ എടപ്പാള്‍ വരെയുള്ള ഭാഗത്തെ നിര്‍മാണം മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചത്. വട്ടംകുളം ടൗണ്‍ നവീകരണവും ഇതോടനുബന്ധിച്ചു നടക്കുന്നുണ്ട്. പ്രാരംഭ പ്രവര്‍ത്തികളുടെ ഭാഗമായി റോഡിലെ പഴയ ടാറിങ് ഇളക്കി മാറ്റി. എന്നാല്‍ ഇവിടങ്ങളില്‍ ഇനിയും ടാറിങ് നടത്തിയിട്ടില്ല. ഇതുമൂലം യാത്രക്കാരും, നാട്ടുകാരും ദുരിതത്തിലായിരിക്കുകയാണ്. മഴ പെയ്താല്‍ ചെളിയിലൂടെ നീന്തണം. വെയിലുദിച്ചാല്‍ പൊടിശല്യംമൂലം പുറത്തിറങ്ങാനാകാത്ത അവസ്ഥയും. കുണ്ടും, കുഴിയും നിറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതിനാല്‍ ഗതാഗത തടസവും പതിവാണ്.
നിര്‍മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പപ്പെട്ട് നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്. ആദ്യഘട്ടത്തില്‍ ജോലിക്കാരെ കിട്ടാനില്ലെന്ന കാരണമാണ് അധികൃതര്‍ ഉന്നയിച്ചിരുന്നത് എങ്കില്‍ നിലവില്‍ കാലാവസ്ഥ അനുകൂലമല്ലെന്നെന്നാണു മറുപടി. വട്ടംകുളം ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍വശത്തെ മണ്ണ് മുഴുവന്‍ നീക്കം ചെയ്തതോടെ കടകളിലേക്കു കയറാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. പല വ്യാപാരികളും ഇതോടെ വെട്ടിലായി. കടകളിലേക്ക് കയറുന്നതും, ഇറങ്ങുന്നതും കടകള്‍ക്ക് മുന്നില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയാണ്. തടസങ്ങള്‍ ഒഴിവാക്കി നിര്‍മാണം വേഗത്തിലാക്കി നാട്ടുകാരുടെയും, യാത്രക്കാരുടെയും ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."