ഇതുമൊരു വിനോദം ലക്ഷങ്ങള്‍ സ്വാഹ !
തിരുവനന്തപുരം: പ്രളയം സൃഷ്ടിച്ച രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കോവളത്ത് സംഘടിപ്പിച്ച ടൂറിസം മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ദേശീയ സമ്മേളനത്തില്‍ വേണ്ടത്ര പ്രാതിനിധ്യമുണ്ടായില്ല. പ്രളയം അതിവേഗം അതിജീവിച്ച കേരള മാതൃക ദേശീയ ടൂറിസം മേഖലയെ ബോധ്യപ്പെടുത്താനുള്ള അവസരമാണെന്ന മട്ടില്‍ കൊട്ടിഘോഷിച്ച് നടത്തിയ പരിപാടിയാണ് ആളും അനക്കവുമില്ലാതെ നാണക്കേടില്‍ കലാശിച്ചത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 20 ടൂറിസം മന്ത്രിമാരെങ്കിലും പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ മുഖ്യമന്ത്രിയെയുള്‍പ്പെടെ പ്രതീക്ഷിച്ചത്. എന്നാല്‍ ആകെ മൂന്നു മന്ത്രിമാരും ഒരു ഉപദേഷ്ടാവും രണ്ടു ഐ.എ.എസ് ഉദ്യോഗസ്ഥരും അഞ്ചു ജില്ലാ ഓഫിസര്‍മാരും മാത്രമാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നായി പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേല്‍ മുഖ്യാതിഥിയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനുമായിരുന്നു.
ബിഹാറില്‍നിന്ന് മന്ത്രി കൃഷ്ണകുമാര്‍ ഋഷി, കര്‍ണാടകയില്‍നിന്ന് മന്ത്രി സി.ടി രവി, ഒഡിഷയില്‍നിന്ന് മന്ത്രി ജ്യോതി പ്രകാശ് പനിഗ്രഹി, നാഗാലന്‍ഡ് ടൂറിസം വകുപ്പ് ഉപദേഷ്ടാവ് (ഇന്‍ചാര്‍ജ്) എച്ച്. കിഹോവി യെപുതോമി എന്നിവരാണ് എത്തിയത്. കേരളത്തില്‍ നിന്നുള്ളവരടക്കം ആകെ ഇരുപതോളം പേര്‍ മാത്രം പങ്കെടുത്ത സമ്മേളനത്തില്‍ ഉദ്ഘാടനവും മന്ത്രിമാരുടെ പ്രസംഗവും കേരളം, ജമ്മുകശ്മിര്‍ സംസ്ഥാനങ്ങളുടെ പ്രസന്റേഷനും മാത്രമാണ് നടന്നത്. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക്് ഊര്‍ജം പകരും വിധമുള്ള ചര്‍ച്ചകളൊന്നുമുണ്ടായില്ല.
അതേസമയം, സമ്മേളനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പൊട്ടിച്ചുള്ള ധൂര്‍ത്താണ് കോവളത്തെ ഹോട്ടല്‍ ലീല റാവിസില്‍ അരങ്ങേറിയത്. ഞായറാഴ്ച രാത്രി ഹോട്ടലില്‍ നടത്തിയ അത്താഴ വിരുന്നിനായി മാത്രം 10 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് വിവരം. ടൂറിസം വകുപ്പിലെ ചില ഉദ്യോഗസ്ഥരും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിലെ (കിറ്റ്‌സ്) ജീവനക്കാരും കുടുംബാംഗങ്ങളും മാത്രമാണ് അത്താഴ വിരുന്നില്‍ പങ്കെടുത്തത്. ടൂറിസം മേഖലയിലെ വ്യവസായ സംരംഭകരെപ്പോലും ക്ഷണിച്ചില്ലെന്ന് ആരോപണമുണ്ട്. ഇന്നലെ സമ്മേളനത്തിനായി മാത്രം 50 ലക്ഷത്തിലധികം രൂപയും ചെലവഴിച്ചു. ടൂറിസം ഡയറക്ടറേറ്റില്‍നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് വിരമിച്ച ഉദ്യോഗസ്ഥനെ കോണ്‍ഫറന്‍സിന്റെ പ്രത്യേക ചുമതല നല്‍കി നിയമിച്ചിരുന്നു. ഒരു ലക്ഷത്തോളം രൂപയാണ് ഇയാള്‍ക്ക് പ്രതിഫലമായി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."