ഹറം സെന്ററില്‍ 2200 ഓളം നിരീക്ഷണ കാമറകള്‍; നടപടി തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍
ജിദ്ദ: റമദാനില്‍ അവസാന നാളുകളില്‍ മക്കയിലെത്തുന്ന തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഹറം സെന്ററില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു.
2200ഓളം കാമറകളാണ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററിന്റെ പബ്ലിക്ക് സെക്യൂരിറ്റി വിഭാഗം സ്ഥാപിച്ചിരിക്കുന്നത്.
മിനയിലെ മക്ക പബ്ലിക്ക് സെക്യൂരിറ്റി ഹെഡ്ക്വാര്‍ട്ടേഴ്സ് വഴി 24 മണിക്കൂറും കാമറ നിരീക്ഷിക്കുമെന്ന് സെന്റര്‍ കമാന്‍ഡര്‍ കേണല്‍ തരീഖ് ബിന്‍ അഹ്മദ് അല്‍ ഖോബന് പറഞ്ഞു.
മക്ക അമീര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
ഇതിന് പുറമെ മക്കയില്‍ നിയമാനുസൃതമല്ലാത്ത പ്രാര്‍ഥനകള്‍ക്ക് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീര്‍ഥാടകര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ പ്രാര്‍ഥന നടത്തുന്നതിനും തിരക്ക് കൂടാതെ ഉംറ അര്‍പ്പിക്കുന്നതിനും സഹായകമായ നിയമങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്.
ഹറം മേഖലയില്‍ തിരക്കേറുന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് വിവരം സെക്യൂരിറ്റി കാമറകള്‍ നല്‍കും.
ഇതിനു പുറമെ മക്കയില്‍ തിരക്കേറിയതോടെ ആകാശനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഹെലികോപ്റ്ററുകള്‍ സുരക്ഷാകണ്ണുകളുമായി റോന്ത് ചുറ്റുന്നുണ്ട്. ഒന്‍പത് ഹെലികോപ്റ്ററുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
സുരക്ഷയ്ക്ക് പുറമെ ട്രാഫിക് കുരുക്കുകള്‍, തീര്‍ഥാടകരുടെ തിരക്ക് എന്നിവ നിരീക്ഷിക്കാനും റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും കണ്ട്രോള് റൂമിലേക്ക് നല്‍കാനും അടിയന്തര ആരോഗ്യ സേവനത്തിനുമാണ് ഹെലികോപ്റ്ററുകള്‍ പറക്കുന്നത്.
രാത്രിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന കാമറ സംവിധാനത്തോട് കൂടിയതാണിവ. മക്കയുടെ വിവിധ ഭാഗങ്ങളില്‍ ഹെലിപ്പാഡുകള് ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."