ഇവിടെ അക്ഷരപ്പിച്ച നടക്കാന്‍ അസം സ്വദേശികളും
കല്‍പ്പറ്റ: ക്ലാസ്മുറിയിലെ കുട്ടികളുടെ കലപിലകള്‍ക്കിടയില്‍ പരിചിതമല്ലാത്ത കുറേ ശബ്ദങ്ങള്‍. അവയില്‍ അസമീസും ബോഡോയും ഹിന്ദിയും ഒക്കെയുണ്ട്. അപരിചിതര്‍ക്ക് ആദ്യം സംശയം തോന്നുമെങ്കിലും ഗവ. എല്‍.പി സ്‌കൂള്‍ മുണ്ടക്കൈ എന്ന് ചുവരില്‍ തൂക്കിയ മഞ്ഞ ബോര്‍ഡിലെ കറുത്ത അക്ഷരങ്ങള്‍ കാണുമ്പോഴാണ് ഇത് കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയമാണെന്ന് മനസിലാകുക. സംശയത്തോടെ സ്‌കൂളിനകത്ത് കയറിയാലും ശങ്ക തീരില്ല. നിരത്തിയിട്ട ബെഞ്ചുകളില്‍ മലയാളികളല്ലാത്ത കുറേ മുഖങ്ങള്‍. പക്ഷേ കൈയിലെ സ്ലേറ്റില്‍ മലയാള അക്ഷരങ്ങള്‍. അവര്‍ അക്ഷരം പഠിക്കുകയാണ്.
വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കാര്യമാണ് പറയുന്നത്. അസമിലെ ഡറാങ്, ഉഡാല്‍ഗുരി, മോറിഗോന്‍ ജില്ലകളില്‍ നിന്നുള്ള 21 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പ്രവേശനം നേടിയിരിക്കുന്നത്.
പിറന്ന നാട് ഉപേക്ഷിച്ച് തൊഴില്‍ തേടിയെത്തി പഞ്ചായത്തിലെ തന്നെ അട്ടമലയില്‍ താമസിക്കുന്ന 22ഓളം അസമീസ് കുടംബങ്ങളില്‍ നിന്നുള്ള കുരുന്നുകളാണ് അക്ഷരം പഠിക്കാന്‍ ഇത്തവണ വിദ്യാലയത്തിലെത്തിയത്. ഇവരില്‍ 15 പേര്‍ക്ക് ഒന്നാം ക്ലാസിലും രണ്ടുപേര്‍ക്ക് രണ്ടാം ക്ലാസിലും നാലു പേര്‍ക്ക് മൂന്നാം ക്ലാസിലുമാണ് പ്രവേശനം നല്‍കിയിരിക്കുന്നത്.
പ്രാദേശിക ഭാഷ മാത്രം വശമുള്ള ഈ കുട്ടികളെ അക്ഷരം പഠിപ്പിക്കാനുള്ള വെല്ലുവിളി സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സ്‌കൂളിലെ അധ്യാപകരായ അമല്‍നാഥ്, സാജിദ, സെയ്തലവി, സജീവന്‍ എന്നിവര്‍. പ്രധാനാധ്യാപകന്‍ എം.ടി മാത്യുവിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിച്ചത്.
ഹാരിസണ്‍സ് മലയാളം കമ്പനിയുടെ സെന്റിനല്‍ റോക്ക് എസ്‌റ്റേറ്റിലെ അട്ടമല ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഇവരുടെ രക്ഷിതാക്കള്‍ ജോലി ചെയ്യുന്നത്.
ഇവിടെ നിന്നു നാലു കിലോമീറ്ററോളം സഞ്ചരിച്ചു വേണം സ്‌കൂളിലെത്താന്‍. ഇതിനായി വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങളുമായി കുട്ടികള്‍ പൊരുത്തപ്പെട്ടു വരുന്നുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."