വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത
നൂര്‍സുല്‍ത്താന്‍ (കസാകിസ്താന്‍): നിലവിലെ ലോക ഒന്നാം നമ്പര്‍ താരവും ഒളിംപിക് വെള്ളി മെഡല്‍ ജേതാവുമായ അമേരിക്കയുടെ സാറ ഹില്‍ജെബ്രാന്‍ഡിനെ മലര്‍ത്തിയടിച്ച് അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിംപിക്‌സ് യോഗ്യത നേടി ഇന്ത്യയുടെ സൂപ്പര്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. വനിതകളുടെ 53 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ നേരത്തേ പ്രാഥമിക റൗണ്ടില്‍ പുറത്തായ വിനേഷ് റെപ്പചേജ് റൗണ്ടിലെ രണ്ടാം മത്സരത്തിലാണ് അമേരിക്കന്‍ താരത്തെ പരാജയപ്പെടുത്തിയത്. 8-2നായിരുന്നു താരത്തിന്റെ വിജയം. ഇതോടെ ടോക്കിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഗുസ്തി താരമായി വിനേഷ്. അടുത്ത റൗണ്ടില്‍ ഗ്രീസിന്റെ മരിയ പ്രെവാലാരകിയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യക്ക് ഒരു വെങ്കലമെഡല്‍ ലഭിക്കും. 59 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മറ്റൊരു വനിതാ താരം പൂജ ദണ്ട നിലവിലെ ഏഷ്യന്‍ ചാംപ്യനെ കീഴ്‌പ്പെടുത്തി സെമിയിലേക്ക് കുതിച്ചതോടെ മെഡല്‍ ഉറപ്പിച്ചു. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഉറപ്പിച്ച ആദ്യ മെഡലാണിത്. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍ ജപ്പാന്റെ മായു മുകൈഡയോട് 7-0നാണ് വിനേഷ് പരാജയപ്പെട്ടത്. മായു ഫൈനലിലില്‍ പ്രവേശിച്ചതോടെ വിനേഷ് റെപ്പചേജ് റൗണ്ടില്‍ മത്സരിക്കാന്‍ യോഗ്യത നേടി. ഈ മത്സരത്തിലെ മിന്നും പ്രകടനമാണ് താരത്തിന് ഒളിംപിക്‌സ് ബര്‍ത്ത് സമ്മാനിച്ചത്. നേരത്തേ ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് സ്വീഡന്റെ സോഫിയ മാറ്റ്‌സണിനെ 7-0ന് നിഷ്പ്രഭമാക്കിയാണ് വിനേഷ് പ്രീക്വാര്‍ട്ടറിന് യോഗ്യത നേടിയത്. ഒന്നാം റെപ്പഷാഗെ റൗണ്ടില്‍ യൂലിയ കല്‍വാസിയെയാണ് വിനേഷ് തോല്‍പ്പിച്ചത് (5-0).
നിലവിലെ ഏഷ്യന്‍ ചാംപ്യന്‍ ജപ്പാന്റെ യുസുക്ക ഇനഗാക്കിയെയാണ് പൂജ തോല്‍പ്പിച്ചത്. തുടക്കത്തില്‍ 5-0ന് പിന്നില്‍ നിന്ന പൂജ മികച്ച തിരിച്ചുവരവിലൂടെ മത്സരം 11-8ന് വരുതിയിലാക്കുകയായിരുന്നു. ഈ വിഭാഗം ടോക്കിയോ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ യോഗ്യതയില്ല. എങ്കിലും തന്റെ ആദ്യ ചാംപ്യന്‍ഷിപ്പില്‍ തന്നെ മെഡല്‍ ഉറപ്പിക്കാന്‍ താരത്തിനായി.
വിനേഷിന് ഇതുവരെ മൂന്ന് ലോകചാംപ്യന്‍ഷിപ്പുകളില്‍ മത്സരിച്ചിട്ടും മെഡല്‍ നേടാനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."