മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചേ തീരൂ: മറ്റു പോംവഴി സ്വീകരിച്ചാല്‍ പ്രക്ഷോഭം, സര്‍ക്കാരിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്
തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേ ശക്തമായ നിലപാടുമായി ശാസ്ത്രസാഹിത്യ പരിഷത്ത്.
ഫ്‌ളാറ്റുകള്‍ പൊളിക്കുകയെന്നല്ലാതെ മറ്റൊരു ഫോര്‍മുലയോ പോംവഴിയോ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കരുതെന്നും പരിഷത്ത് മുന്നറിയിപ്പ് നല്‍കി. സ്വീകരിച്ചാല്‍ കടുത്ത പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. ഇതിന്റെ മുന്നോടിയായി ഈ ആവശ്യം അധികാരികളെ ഓര്‍മിപ്പിക്കാന്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്താനും തീരുമാനിച്ചതായി ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാ പരിസ്ഥിതി കണ്‍വീനര്‍ പട്ടം പ്രസാദ് വ്യക്തമാക്കി.
തീരദേശ നിയമ പ്രകാരം അനുമതിയില്ലാതെ കണ്ടല്‍ക്കാടും പൊക്കാളി പാടങ്ങളും നികത്തി നിര്‍മിച്ചതാണ് ഈ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍. ഇവ പൊളിക്കണമെന്ന് പരിഷത്ത് സംസ്ഥാന സമിതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 2006-07ല്‍ മരട് പഞ്ചായത്ത് നിര്‍മാണാനുമതി കൊടുത്തപ്പോള്‍ തന്നെ തീരദേശ നിയമവും മറ്റും ലംഘിച്ചാണ് നികത്തലും നിര്‍മാണവും നടത്തുന്നതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ കോടതിവിധി വന്നാലും നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ് പരിസ്ഥിതി നിയമങ്ങളുടെ കാര്യത്തില്‍ കേരളത്തിലുള്ളതെന്നും സമിതി കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."