പള്ളിദര്‍സുകള്‍: സാംസ്‌കാരിക തനിമയുടെ കേരള മാതൃക
മദീനാ പള്ളിയില്‍ പ്രവാചകനെ വട്ടമിട്ടിരുന്ന് അറിവ് ആര്‍ജിച്ചവരാണ് ചരിത്രത്തില്‍ 'അഹ്‌ലുസ്സുഫ്ഫ'എന്ന പേരില്‍ അറിയപ്പെട്ടത്. പ്രവാചകാനന്തര കാലങ്ങളില്‍ ഇത്തരം 'സുഫ്ഫ' കള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. കാലദേശങ്ങള്‍ക്ക് അതീതമായി ഇത്തരം അറിവ്കൂട്ടങ്ങളാണ് ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് വ്യാപിപ്പിച്ചത്. നുബുവ്വത്തിന്റെ ദിവ്യവെളിച്ചം ഉദയം കൊണ്ട അറേബ്യന്‍ ഭൂമിയോട് നേരിട്ടു ബന്ധമുള്ള കേരളീയ ഇസ്‌ലാമിന്റെ വ്യാപനത്തിലും ഇത്തരം കൂട്ടായ്മകള്‍ വലിയ പങ്കുവഹിച്ചു.
ഇസ്‌ലാമിക നവജാഗരണത്തിന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍, പള്ളി ദര്‍സുകളായി അറിയപ്പെട്ട അറിവിന്റെ കേന്ദ്രങ്ങള്‍ വലിയൊരു സാമൂഹിക ദൗത്യം കൂടി ഏറ്റെടുക്കുകയായിരുന്നു. ഇരു ഹറമുകളിലും പ്രസിദ്ധ മുസ്‌ലിം നാഗരിക നഗരങ്ങളായ ഡമസ്‌ക്കസിലും ബാഗ്ദാദിലും കൂഫയിലും ബസ്വറയിലും ബുഖാറയിലും സമര്‍ഖന്ദിലും കൊര്‍ദോവയിലും ഇത്തരം ഓത്തിനിരിക്കലുകളാണ് അവബോധമുള്ള വലിയ സമൂഹങ്ങളെ സൃഷ്ടിച്ചത്.
കേരളീയ ഇസ്‌ലാമിക പരിസരത്ത് ഇത്തരം സമ്പ്രദായം പള്ളി ദര്‍സുകള്‍ എന്നാണറിയപ്പെട്ടത്. കേരളത്തിലെ ഇസ്‌ലാമിക വെളിച്ചത്തിന് ഊടും പാവും നല്‍കിയത് യഥാര്‍ഥത്തില്‍ ഇത്തരം ദര്‍സുകളായിരുന്നു. ഹിജ്‌റ 670ല്‍ അബൂഅബ്ദില്ലാഹില്‍ ഹള്‌റമി താനൂരിലെ വലിയ കുളങ്ങരപ്പള്ളിയില്‍ സ്ഥാപിച്ച പള്ളി ദര്‍സാണ് കേരളത്തിലെ ആദ്യ ദര്‍സ് സംരംഭമായി ചരിത്രത്തില്‍ കാണുന്നത്. തൊട്ടടുത്ത കാലങ്ങളില്‍ തന്നെ കോഴിക്കോടും ചാലിയത്തും ദര്‍സുകളുണ്ടായതിന് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ഇബ്‌നുബത്തൂത്ത തന്റെ രിഹ്‌ലയില്‍ മാടായി പള്ളിയിലെ ദര്‍സിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
വിവിധ കാലങ്ങളിലായി നിരവധി ചരിത്ര പുരുഷന്‍മാര്‍ പ്രാദേശികമായി സ്ഥാപിച്ച പള്ളി ദര്‍സുകള്‍ പില്‍കാലത്ത് ചരിത്രത്തിന്റെ ഗതിമാറ്റിമറിച്ചു. എ.ഡി പതിമൂന്നാം നൂറ്റാണ്ടില്‍ തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തിനടുത്ത മഅ്ബര്‍ തീരംവഴി കൊച്ചിയിലും പിന്നീട് പൊന്നാനിയിലുമെത്തിയ മഖ്ദൂം കുടുംബത്തിന്റെ ആഗമനത്തോടെയാണ് ഈരംഗത്ത് വലിയ കുതിച്ചുചാട്ടം സാധിച്ചത്. പൊന്നാനിയില്‍ വലിയ മഖ്ദൂം സ്ഥാപിച്ച വലിയ പള്ളിയും അതിനോടനുബന്ധിച്ച് തുടങ്ങിയ പള്ളി ദര്‍സുമാണ് കേരള മുസ്‌ലിംകളുടെ ദീനീ ചൈതന്യത്തിന് ഊര്‍ജം പകര്‍ന്നത്. ഇതിനൊപ്പം നിരന്തരമായ ഹള്‌റമീ,ബുഖാരീ സാദാത്തുക്കളുടെ ആഗമനം കൂടി നടന്നപ്പോള്‍ അറിവില്‍ നിറഞ്ഞ ആത്മീയപ്രഭ കേരളത്തിലെ മുസ്‌ലിംകള്‍ അനുഭവിച്ചു.
പൊന്നാനിയിലെ 'വിളക്കത്തിരുത്തം' പ്രാദേശിക ദീനീ വ്യാപനത്തിന്റെ തിരികൊളുത്തല്‍ കൂടിയായപ്പോള്‍ ഉള്‍നാടുകളിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ക്ക് നല്ലപ്രചാരം ലഭിച്ചു. സാഹചര്യങ്ങളും സാമൂഹിക കാഴ്ചപ്പാടുകളും ക്രമേണ മാറിമറിഞ്ഞു കൊണ്ടിരുന്നപ്പോള്‍ പരമ്പരാഗത രീതികള്‍ക്ക് പരിവര്‍ത്തനം വന്നുകൊണ്ടിരുന്നു.
മൗലാനാ ചാലിലകത്തിന്റെ കാലഘട്ടമായപ്പോഴേക്ക് പള്ളി ദര്‍സുകളുടെ തനിമ നിലനിര്‍ത്തിത്തന്നെ അറബി കോള ജുകളുടെ പരീക്ഷണം തുടങ്ങിയിരുന്നു. എന്തു മാറ്റം സംഭവിച്ചാലും പള്ളിദര്‍സുകള്‍ ശീലിപ്പിച്ച സംസ്‌കാരത്തിന്റെ വലിയ ഗുണങ്ങളാണ് ഇന്നത്തെ കേരള മുസ്‌ലിംകള്‍ അനുഭവിക്കുന്നത്. ഓത്തുപള്ളി മുതല്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള യൂനിവേഴ്‌സിറ്റികള്‍വരെ നടത്താന്‍ കേരളത്തിലെ മത നേതൃത്വത്തിന് ഊര്‍ജവും ഉള്‍ക്കരുത്തും ലഭിച്ചത് പള്ളിമൂലകളിലിരുന്നുള്ള കിതാബോത്തുകള്‍ കൊണ്ടുതന്നെ ആയിരുന്നു. ഖുര്‍ആനും ഹദീസും കര്‍മശാസ്ത്രവും സാഹിത്യവും വ്യാകരണവും ഗോളശാസ്ത്രവും ഭൂമിശാസ്ത്രവും ചരിത്രവും ആധ്യാത്മികതയും ഇടകലര്‍ന്നു നില്‍ക്കുന്ന കിതാബുകളുടെ ലോകത്തു നിന്ന് ആവാഹിച്ച അറിവില്‍ നിന്നു കൊണ്ട് സക്രിയമായി ചിന്തിച്ചും ക്രിയാത്മകമായി പ്രവര്‍ത്തിച്ചും നാം നേടിയതാണീ ചൈതന്യം.
തദ്‌രീസ് വളര്‍ത്തിയ വലിയൊരു സംസ്‌കാരമുണ്ട്. ഒരു നാടിന്റെ പ്രതിച്ഛായതന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു ഓരോ പള്ളിദര്‍സുകളും. ദര്‍സുകളുടെ സാന്നിധ്യത്തോടെ നാട്ടില്‍ സംഭവിച്ച ധാര്‍മികബോധം വളരെ വലുതായിരുന്നു. പള്ളിദര്‍സിലെ മുദരിസ് ആ നാടിന്റെ ആത്മീയ സ്രോതസുകൂടി ആയിരുന്നു. അദ്ദേഹത്തെചുറ്റിപ്പറ്റി വളര്‍ന്നുവന്ന ദീനീ ചൈതന്യത്തെ മുതഅല്ലിമുകള്‍ കൂടുതല്‍ സജീവമാക്കി.
അറിവിനെ സ്‌നേഹിക്കുന്നതോടൊപ്പം അവരില്‍ നിന്ന് കൂടുതല്‍ അറിവ് പഠിക്കാനും നാട്ടുകാര്‍ക്ക് കഴിഞ്ഞു. വീട്ടിലെ സ്ത്രീകളെ മതം പഠിപ്പിക്കാന്‍ മുദരിസുമാരുടെ വഅള് പരമ്പരക്ക് സാധിച്ചു. ഇതിലൂടെ നാട്ടില്‍ ഇസ്‌ലാമികമായ വലിയ ഉണര്‍വ്വുണ്ടായി. ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളെ കടത്തിവെട്ടുന്ന പരിശീലന മുറകളിലൂടെയാണ് ഒരു മുതഅല്ലിം സമൂഹത്തില്‍ ഇറങ്ങുന്നത്. പഠന കാലത്തു തന്നെ തന്നെക്കാള്‍ ചെറിയ കുട്ടികള്‍ക്ക് ക്ലാസെടുത്തും സംശയനിവാരണം നടത്തിയും അവന്‍ ഒരു അധ്യാപകനാകുന്നു. ഇതിലൂടെ പുതിയ മേഖലകളില്‍ കടന്നു ചെല്ലുമ്പോള്‍ നിഷ്പ്രയാസം കാര്യങ്ങളില്‍ ഇടപെടാനും ഗ്രഹിക്കാനും അവന് കഴിയുന്നു. ലക്ഷങ്ങള്‍ മുടക്കി ട്രെയ്‌നിങ് കോഴ്‌സും മാനേജ്‌മെന്റ് കോഴ്‌സും പൂര്‍ത്തിയാക്കാന്‍ വെമ്പല്‍കൊള്ളുന്ന കാലത്താണ് ദര്‍സ് സമ്പ്രദായം പ്രസക്തമാകുന്നത്. ദര്‍സിലെ വായിച്ചോത്ത് രീതിയുടെ ശാസ്ത്രീയത ഒന്നുവേറെത്തന്നെയാണ്. പഠനകാലത്തു തന്നെ വിദ്യാര്‍ഥികളെ അധ്യാപനം പരിശീലിപ്പിക്കാന്‍ ഇത്രയധികം വിജയിച്ച മറ്റൊരുരീതി ഇല്ല.
ദര്‍സുകളുടെ പ്രതാപം നിലനിര്‍ത്താനാണ് ശ്രമങ്ങള്‍ നടക്കേണ്ടത്. സ്വദേശി, വിദേശി വേര്‍തിരിവില്ലാതെ കാലോചിതമായ പരിഷ്‌കരണത്തോടൊപ്പം പഠന നിലവാരം ഉയര്‍ത്താനാവശ്യമായ പരീക്ഷണങ്ങള്‍ ദര്‍സുകളില്‍ നടപ്പിലാക്കാന്‍ നമുക്ക് കഴിയണം. ബുദ്ധിപരമായി പ്രാപ്തിയുള്ളവരെയും ഇല്ലാത്തവരെയും ഉള്‍ക്കൊള്ളുന്നതോടൊപ്പം അവരെ സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് തിരിച്ചുവിടാന്‍ ദര്‍സ് സമ്പ്രദായത്തിന് കഴിഞ്ഞിട്ടുണ്ട്. ദര്‍സുകളുടെ സന്താന ങ്ങളാണ് സമൂഹത്തിന്റെ മുഖ്യധാരയില്‍ സജീവമായി ഇന്നും ഇടപെടുന്നത്. ഖാസിമാരായും ഖത്വീബുമാരായും അധ്യാപകരായും സമുദായ നേതാക്കളായും പ്രബോധകരായും സംഘടനകളുടെ സാരഥികളായും സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് പള്ളിദര്‍സിന്റെ സന്തതികളാണ്.
നാം നടത്തുന്ന സമന്വയ സ്ഥാപനങ്ങള്‍ പള്ളി ദര്‍സുകളുടെ പുതിയ പതിപ്പുകളാണ്. മതത്തോടൊപ്പം മതേതര വിദ്യാഭ്യാസം കൂടിസമൂഹത്തിനു നല്‍കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ ഉപകരിച്ചിട്ടുണ്ട്. പള്ളിദര്‍സുകളുടെ പ്രതാപം നിലനിര്‍ത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞാല്‍ അതൊരു വലിയ പൈതൃക സംരക്ഷണം കൂടിയാണ്. കൂടെത്തന്നെ ദര്‍സ് സംസ്‌കാരം ശീലിപ്പിച്ച സാമുദായിക പ്രതിബദ്ധത, വസ്ത്ര ധാരണാരീതി തുടങ്ങിയവയും ആര്‍ജിക്കാനാകണം. ഭാഷാ പരിജ്ഞാനത്തേക്കാളപ്പുറം സാംസ്‌കാരികത്തനിമയുടെ സംരക്ഷണമാണ് പരിശീലിക്കേണ്ടത്.
ദര്‍സുകളുടെ ശോചനീയാവസ്ഥക്ക് കാരണമായ കാര്യങ്ങളെല്ലാം അന്വേഷിച്ച് പരിഹാരം കാണാന്‍ ശ്രമങ്ങള്‍ നടക്കണം. നാട്ടിലെ പൗരപ്രമുഖരും പണ്ഡിതരുമാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. ഇതിനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വം അംഗീകരിക്കുന്ന ദര്‍സ്, അറബി കോളജുകളില്‍ സേവനം ചെയ്യുന്ന മുദരിസുമാരുടെ കൂട്ടായ്മയാണ് ജംഇയ്യത്തുല്‍ മുദരിസീന്‍. സംഘടിച്ചു ശക്തരാകുന്നതോടൊപ്പം പരസ്പരം ആശയ വിനിമയത്തിലൂടെ അറിവിന്റെ വിശാലമായ ലോകത്തേക്കുള്ള കവാടം കൂടിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍. കാലികമായ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതോടൊപ്പം സമൂഹത്തിന്റെ പുരോഗമനത്തിനും തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സംഘത്തിലെ ഓരോ അംഗവും ബാധ്യസ്ഥരാണ്. കാലികമായ ചുവടുവയ്പ്പിലേക്ക് സംവിധാനം ഒരുക്കുകയാണ് ഇന്ന് ഫത്ഹുല്‍ ഫത്താഹ് ശംസുല്‍ ഉലമാ നഗറിലെ സംസ്ഥാന സംഗമത്തിന്റെ ലക്ഷ്യം. അതിനായി സമൂഹത്തിലെ സര്‍വരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."