പോരാട്ടത്തിന്റെ മുഖമായി ഗ്രേറ്റ തന്‍ബര്‍ഗ്
ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള ആഗോള പോരാട്ടത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് 16 കാരിയായ ഗ്രേറ്റ തന്‍ബര്‍ഗ്. കഴിഞ്ഞ വര്‍ഷം മുതലാണ് ഗ്രേറ്റയുടെ പോരാട്ടങ്ങള്‍ക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നത്. 'ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍'അല്ലെങ്കില്‍ കാലാവസ്ഥയ്ക്കായി സ്കൂള്‍ സമരം എന്ന മുന്നേറ്റത്തിന് കഴിഞ്ഞ വര്‍ഷമാണ് ഗ്രേറ്റ തുടക്കമിട്ടത്.
ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ ലോകവ്യാപകമായി നടന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തടയാനായി ഭരണകൂടങ്ങള്‍ നിര്‍ബന്ധിക്കുന്നതിനായി വിദ്യാര്‍ഥികള്‍ തെരുവില്‍ ഇറങ്ങണമെന്നാണ് പുതിയ മുന്നേറ്റം കൊണ്ട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ നവംബറില്‍ ഒന്‍പതാം ക്ലാസിലായിരുന്ന ഗ്രേറ്റ കാലാവസ്ഥയ്ക്കായി സ്വീഡിഷ് പാര്‍ലമെന്റിന്റെ മുന്നില്‍ രണ്ടാഴ്ചത്തെ സമരം ചെയ്തിരുന്നു. ഇന്ന് എല്ലാ വെള്ളിയാഴ്ചയെയും ഗ്രേറ്റ സമര ദിനമായി മാറ്റിയിരിക്കുകയാണ്.
ഗ്രേറ്റയുടെ നേതൃത്വത്തില്‍ മുമ്പ് നടന്ന രണ്ട് ആഗോള സമരത്തിലും വിദ്യാര്‍ഥികള്‍ മാത്രമാണ് പങ്കെടുത്തത്. പക്ഷെ ഇന്നത്തെ സമരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ മുതിര്‍ന്നവരും രാജ്യാന്തര സംഘടനകളും അണിനിരക്കുന്നു. പായ്ക്കപ്പലില്‍ 15 ദിവസം കൊണ്ട് അറ്റ്ലാന്റിക്ക് സമുദ്രം താണ്ടിയാണ് ഗ്രേറ്റ ഇപ്പോള്‍ അമേരിക്കയിലെത്തിയത്.
പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഒരു വര്‍ഷം സ്കൂളില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് ഗ്രേറ്റ. പ്രവചനാതീതമായ കാലാവസ്ഥ പ്രതിസന്ധിയെ പ്രതിരോധിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഗ്രേറ്റ പറയുന്നു. മനുഷ്യന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന കാലാവസ്ഥാ മാറ്റങ്ങളെ ലോകം വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ല എന്നാണ് ഗ്രേറ്റയുടെ പക്ഷം. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കെതിരേ പോരാടാന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഗ്രേറ്റ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."