'ഇത് ഗാന്ധിയുടെ ഇന്ത്യയോ ഗോഡ്‌സെയുടെ ഇന്ത്യയോ'- കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഇല്‍ത്തിജ മുഫ്തി
മുംബൈ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തില്‍ മോദിസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി വീണ്ടും. മുംബൈയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലാണ് ഇല്‍ത്തിജ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. കശ്മീരിന്റെ നന്മക്കാണിതെന്ന കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
'ഇത് ഗാന്ധിയുടെ ഇന്ത്യയാണോ ഗോഡ്‌സെയുടെ ഇന്ത്യയാണോ?' എന്ന് ഇല്‍ത്തിജ ചോദിച്ചു. സര്‍ക്കാര്‍ കശ്മീരിലെടുത്ത തീരുമാനം തിരിച്ചെടുക്കണമെന്നും ഇല്‍ത്തിജ ആവശ്യപ്പെട്ടു.
തന്റെ മാതാവുള്‍പെടെയുള്ള നേതാക്കളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് അനാവശ്യമാണ്. പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണെന്നാണ് പറയുന്നത്. അങ്ങിനെയെങ്കില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന ഹരിയാനയില്‍ ഇത് ഇല്ലാതാക്കാന്‍ പുരുഷന്‍മാരെയെല്ലാം പുറത്തിറങ്ങാന്‍ അനുവദിക്കാതെ വീട്ടില്‍ പൂട്ടിയിടുമോ. ഈ കരുതല്‍ തടങ്കല്‍ എന്നു പറയുന്നത് എന്താണ്- അവര്‍ രോഷാകുലയായി.
'ഈ രാജ്യത്തു കൂടി സഞ്ചരിക്കാന്‍ നിങ്ങള്‍ക്ക് കര്‍ഫ്യൂ വേണമെന്ന് മുംബൈയിലിരുന്ന് ചിന്തിക്കാന്‍ കഴിയുമോ? ഒരു പൗരസമൂഹത്തില്‍ നിങ്ങള്‍ക്ക് ചര്‍ച്ചയുണ്ടാവും. കശ്മീരികളും അതിന്റെ ഭാഗമാകും.
നമുക്കാദ്യം വര്‍ത്തമാനകാലത്തെക്കുറിച്ച് സംസാരിക്കാം. നമുക്കാദ്യം മനുഷ്യത്വ പ്രതിസന്ധിയെക്കുറിച്ച്, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്, മാനസിക പ്രതിസന്ധിയെക്കുറിച്ച്, മനുഷ്യര്‍ക്കേല്‍ക്കുന്ന പരിക്കുകളെക്കുറിച്ച് സംസാരിക്കാം.' അവര്‍ ചൂണ്ടിക്കാട്ടി.
കശ്മീരിന്റെ നന്മക്കാണ് നടപടിയാണെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എങ്കതില്‍ എന്തുകൊണ്ടാണ് അവര്‍ ഈ തീരുമാനം നടപ്പിലാക്കും മുമ്പ് ആരുമായും ചര്‍ച്ച ചെയ്യാതിരുന്നത്. കശ്മീരിന്റെ പുരോഗതിക്കാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന സര്‍ക്കാറിന്റൈ വാദത്തെയും അവര്‍ ഖണ്ഡിച്ചു. ബി.ജെ.പി ഭരിക്കുന്ന ബിഹാറിലും യു.പിയിലും എപ്പോഴും പ്രശ്‌നങ്ങള്‍ തന്നെയാണല്ലോ എന്ന് അവര്‍ പരിഹസിച്ചു.
നേരത്തേ കശ്മീരില്‍ തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വീട്ടുതടങ്കലിനെക്കുറിച്ച് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ഇല്‍ത്തിജ കത്തെഴുതിയിരുന്നു. സ്വാതന്ത്ര്യദിനത്തിലായിരുന്നു കത്ത്. കശ്മീരില്‍ തന്റെ മുഴുവന്‍ ആശങ്കകളും പങ്കുവെക്കുന്നതായിരുന്നു എഴുത്ത്. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ അടിസ്ഥാനപരമായ മനുഷ്യാവകാശവും ഇല്ലായ്മ ചെയ്യപ്പെട്ട് മൃഗങ്ങളെപ്പോലെ കൂട്ടിലകപ്പെട്ടു കിടക്കുകയാണ്. ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തോടെ കശ്മീരികള്‍ നിരാശയിലാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."