വില്ലുവണ്ടി യാത്രയുടെ 125-ാം വാര്‍ഷികം ചവറയില്‍
ചവറ: സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാ അയ്യങ്കാളി നയിച്ച വില്ലുവണ്ടിയാത്ര വിപ്ലവത്തിന്റെ 125-ാം വാര്‍ഷികം അഞ്ചിന് ചവറയില്‍ നടക്കും. കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, സര്‍ഗസന്ധ്യ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുടമണി കെട്ടിയ കാളയെ കൂട്ടിയ വില്ലുവണ്ടിയുമായി ഉച്ചയ്ക്കു മൂന്നിന് ശങ്കരമംഗലത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെ പരിപാടിക്കു തുടക്കമാകും. കെ.പി.എം.എസ് ചവറ യൂനിയനിലെ 21 ശാഖകളില്‍നിന്നായി ആയിരങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. ഘോഷയാത്ര വൈകിട്ട് അഞ്ചിന് ചവറ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.
തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക സമ്മേളനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. എന്‍. വിജയന്‍പിള്ള എം.എല്‍.എ മുഖ്യപ്രഭാഷണവും വിശിഷ്ടവ്യക്തികളെ ആദരിക്കലും നിര്‍വഹിക്കും. ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ കല്ലയ്യത്ത് രമേശന്‍ അധ്യക്ഷനാകും. നാടകകൃത്തും സംവിധായകനുമായ അഡ്വ. മണിലാല്‍, ഹാസ്യ കാഥികന്‍ കരുനാഗപ്പള്ളി അപ്പുക്കുട്ടന്‍, ശില്‍പി വിജയന്‍ ചവറ, സംഗീതസംവിധായകന്‍ ചവറ സുരേന്ദ്രന്‍, സംഗീതജ്ഞന്‍ തേവലക്കര വിജയന്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കല്ലയ്യത്ത് രമേശന്‍, സി.കെ കിഷോര്‍, ഹരീഷ് കോയിവിള, ബൈജു ഇടത്തറ, കോയിവിള രമേശന്‍, സജിത്ത് ആറാട്ടമ്പലം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."