ഖോജരാജാവേ തേടി ഞാന്‍
കോഴിക്കോട് ആകാശവാണിയിലൂടെ 1960- 70 കാലഘട്ടങ്ങളില്‍ മാപ്പിളപ്പാട്ട് ഗാനാസ്വാദകര്‍ നിത്യേനയെന്നോണം ആസ്വദിച്ചിരുന്ന ചില മധുരശബ്ദങ്ങളുണ്ടായിരുന്നു. മൊബൈല്‍ ഫോണില്‍ വിരലമര്‍ത്തിയാല്‍ നെറ്റ്‌വഴി ഇഷ്ടഗാനങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ആ കാലം. കവലകളിലെ ചായ മക്കാനികളില്‍ നിന്നുമുയര്‍ന്നു കേള്‍ക്കുന്ന പാട്ടുകള്‍ ജനം ആസ്വദിച്ചു കേട്ടിരുന്നു അക്കാലത്ത്. എസ്.എം കോയ, സി.എ അബൂബക്കര്‍, കെ.എസ് മുഹമ്മദ് കുട്ടി, കെ.ജി സത്താര്‍, വി.എം കുട്ടി തുടങ്ങിയ മാപ്പിളപ്പാട്ട് ഗായകരോടൊപ്പം ഉയര്‍ന്നുകേട്ട ഒരു പേരായിരുന്നു വടകര എം. കുഞ്ഞിമൂസയുടേത്. പി.ടി അബ്ദുറഹ്മാനെന്ന കവനപ്രതിഭയുടെ അനശ്വര മാപ്പിളപ്പാട്ടുകള്‍ക്ക് ഈണം നല്‍കാന്‍ സാധിച്ച കുഞ്ഞിമൂസ, കെ. രാഘവന്‍ മാഷെ പോലുള്ള മലയാള സംഗീത വിസ്മയങ്ങളുടെ ആശീര്‍വാദത്തിലൂടെയാണ് ആകാശവാണിയിലെത്തുന്നത്.
ചെറുപ്പം മുതലേ പാട്ടുകളോട് അതിയായ താല്‍പര്യമുണ്ടായിരുന്ന കുഞ്ഞിമൂസ മധുരമുള്ള ഈണത്തില്‍ ഗാനമാലപിക്കുമായിരുന്നു. സാമാന്യം ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ജീവിച്ചു വന്ന ബാല്യകാലത്തിനിടക്ക് ഉപ്പ അബ്ദുല്ലയുടെ അകാലത്തിലുള്ള വിയോഗം കുടുംബ പ്രാരാബ്ധങ്ങള്‍ ഏറ്റെടുക്കാന്‍ മൂത്ത മകനായ കുഞ്ഞിമൂസയെ നിര്‍ബന്ധിതനാക്കി. മനസില്‍ ചില്ലിട്ടുവച്ചിരുന്ന സംഗീത മോഹങ്ങളില്‍ കരിനിഴല്‍ വീണു. ഉമ്മയും സഹോദരങ്ങളുമടങ്ങുന്ന തന്റെ കുടുംബത്തെ ദാരിദ്ര്യവും പട്ടിണിയും വിഴുങ്ങാതിരിക്കാന്‍ ഒരു ചുമട്ട് തൊഴിലാളിയാവേണ്ടി വന്നു. അരി, പഞ്ചസാര, കുരുമുളക് തുടങ്ങിയവ ചാക്കിലാക്കി കിലോമീറ്ററുകളോളം തലയിലേറ്റി നടക്കണമായിരുന്നു. കഠിനമായ ജോലിക്കിടയിലും സംഗീത മോഹം അണയാതെ ഹൃദയത്തില്‍ സൂക്ഷിച്ചതാണ് കുഞ്ഞിമൂസയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ഹൃദയത്തില്‍ സൂക്ഷിച്ച സംഗീതമാണ് തന്റെ വേദനകള്‍ മറക്കാന്‍ സഹായിച്ചതെന്ന് കഞ്ഞിമൂസ പറയുമായിരുന്നു.
താളം പിടിച്ച നാളുകള്‍
1950 കളുടെ അവസാനം. തലശ്ശേരി ടൗണില്‍ വാധ്യാര്‍പീടികയ്ക്കടുത്ത് ചുമടെടുത്തു നില്‍ക്കുമ്പോഴാണ് മൂന്നുനാലു പേര്‍ ബസ് കാത്തു നില്‍ക്കുന്നത് കുഞ്ഞിമൂസയുടെ കണ്ണില്‍ പതിഞ്ഞത്. അവരില്‍ ഒരാളെ എവിടെയോ കണ്ടുമറന്ന പോലെ. അധികനേരം ആലോചിച്ചു നില്‍ക്കേണ്ടിവന്നില്ല. പിടികിട്ടി. 'നീലക്കുയില്‍' എന്ന ചിത്രത്തിലൂടെ മലയാളത്തിന് പുതുസംഗീത വഴികള്‍ സമ്മാനിച്ച കെ. രാഘവന്‍ മാഷ് അതാ നില്‍ക്കുന്നു കണ്‍മുന്നില്‍...!! പിന്നെ സംശയിച്ചുനിന്നില്ല. തലയിലെ ഗോതമ്പ് ചാക്ക് താഴെയിറക്കിവച്ച് നേരെ മുന്നിലേക്ക് ഓടിച്ചെന്നു. മുടിയിലും മുഖത്തും അണിഞ്ഞിരുന്ന ബനിയനിലും മുഴുവന്‍ ഗോതമ്പുപൊടിയുമായി വിയര്‍പ്പില്‍ കുളിച്ചുനിന്ന കുഞ്ഞിമൂസയെ കണ്ട മാഷ് തെല്ലൊന്നന്ധാളിച്ചിരിക്കണം. സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സംസാരം തുടങ്ങി. ശേഷം തന്റെ സംഗീത മോഹങ്ങളുടെ കെട്ടഴിച്ചു. ആകാശവാണിയില്‍ പാടാനുള്ള ആഗ്രഹം മാഷുമായി പങ്കുവച്ചു. നിറഞ്ഞ പുഞ്ചിരിയോടെ എല്ലാം കേട്ടിരുന്ന രാഘവന്‍ മാസ്റ്ററുടെ മറുപടി വന്നു: 'അതിനെന്താ. ഒരു ദിവസം കോഴിക്കോട് സ്റ്റേഷനില്‍ വരൂ. ആദ്യം ഓഡിഷന്‍ ടെസ്റ്റ് പാസാകണം. എന്നാല്‍ റേഡിയോയില്‍ പാടാം. വിദ്യാഭ്യാസ യോഗ്യതയൊന്നും പ്രശ്‌നമല്ല. നന്നായി പാടിയാല്‍ മതി' മാഷിന്റെ ഈ പ്രോത്സാഹനം തുടര്‍ന്നുള്ള പാട്ട് വഴികളിലും കുഞ്ഞിമൂസക്ക് കൂട്ടായി. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത തന്നെ ഒരു ഗായകനും സംഗീതജ്ഞനുമായി ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ കെ. രാഘവന്‍ മാഷെ കുഞ്ഞിമൂസക്ക ഇടയ്ക്കിടെ അനുസ്മരിക്കുമായിരുന്നു.
1957 മുതലാണ് ആകാശവാണിയിലൂടെ കുഞ്ഞിമൂസയുടെ അരങ്ങേറ്റം. ആദ്യകാലങ്ങളിലൊക്കെ ലളിതഗാനങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത്. പിന്നീടത് മാപ്പിളപ്പാട്ടിലേക്ക് വഴിമാറിയത് നിമിത്തമായിരിക്കാം. മോയിന്‍കുട്ടി വൈദ്യര്‍, ഒ. ആബു, എസ്.വി ഉസ്മാന്‍, പി.ടി അബ്ദുറഹിമാന്‍, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ മാപ്പിളപ്പാട്ടുകള്‍ക്ക് ശ്രുതിമധുരമാര്‍ന്ന ഈണം നല്‍കാന്‍ കുഞ്ഞിമൂസക്ക് സാധിച്ചു. അദ്ദേഹം ഈണം നല്‍കിയ പാട്ടുകളാവട്ടേ ഏറെ ജനകീയവും. 1970 കളില്‍ മാപ്പിള സാഹിത്യകാരനും ഗാന രചയിതാവുമായിരുന്ന ഒ. ആബുവിന്റെ രചനയില്‍ കുഞ്ഞിമൂസ ആകാശവാണിയില്‍ അവതരിപ്പിച്ച ഒരു ഗാനത്തിന്റെ തുടക്കം ഇങ്ങനെ:
'ആദരവായുള്ള മുത്ത് റസൂല് മക്കക്കാരുമൊത്ത്
ഏകനാം റബ്ബിന്റെ ദൗത്യം ഏകിലോകത്ത്'
ഈ ഗാനം ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇതിന് പുറമെ കുഞ്ഞിമൂസ ഈണം നല്‍കിയ ആബുവിന്റെ മറ്റൊരു ഗാനം കൂടി പരിചയപ്പെടാം.
'തന്‍നീര്‍കൊണ്ട് മിനഞ്ഞൊരു വലയാല്‍ പൊത്തി
ആ പൊത്തിന്റെ
ഒട്ടരികത്തവരെത്തി റസൂലിനെ തേടുമ്പോള്‍
പൊത്തിന്നുള്ളിലൊളിച്ചുകളിച്ചൊരു കാട്ടു ചിലന്തി
മെല്ലെ,
പുഞ്ചിരി പൂണ്ടു പറഞ്ഞു 'റസൂലിനെ കാണൂലാ...'
മാപ്പിളപ്പാട്ടില്‍ ജനങ്ങള്‍ ഹൃദയതാളം കണക്കെ ഏറ്റെടുത്ത ഒത്തിരി മധുരഗാനങ്ങള്‍ക്ക് മഷിപുരട്ടിയ പി.ടി അബ്ദുറഹ്മാന്റെ വരികള്‍ക്കാണ് കുഞ്ഞിമൂസ ഏറ്റവും കൂടുതല്‍ ഈണം പകര്‍ന്നിട്ടുള്ളത്. പി.ടിയുടെ രചനകളാണ് മാപ്പിളപ്പാട്ട് രംഗത്ത് കുഞ്ഞിമൂസയെ ശ്രദ്ധേയനാക്കിയതെന്നു വേണമെങ്കില്‍ പറയാം. കുഞ്ഞിമൂസ ഈണം നല്‍കിയ പി.ടിയുടെ ഒരു ഗാനത്തിലെ ആദ്യവരികള്‍ ചുവടെ:
'നിസ്‌കാരപ്പായ നനഞ്ഞു കുതിര്‍ന്നല്ലൊ,
നിവരാതെ കുമ്പിട്ടെന്‍ കണ്ണ് നനഞ്ഞല്ലൊ
സുബ്ഹിക്ക് പാറുന്ന തൂവാലന്‍ പക്ഷിക്ക്
സുബ്ഹാനെ സങ്കീടം തോന്നുന്നുണ്ടെന്നോട്...'
കുഞ്ഞിമൂസ ഈണം നല്‍കിയ പി.ടിയുടെ മറ്റൊരു പ്രസിദ്ധ ഗാനം ഇങ്ങനെ തുടങ്ങുന്നു:
'കതിര്‍ കത്തും റസൂലിന്റെ തിരു റൗളാ ശെരീഫെന്റെ
കരള്‍ കൊണ്ട് കണി കാണാന്‍ വിധി കൂട്ടള്ളാ...'
ഇത് കൂടാതെ 'യാ ഇലാഹി എന്നെ നീ പടച്ചുവല്ലൊ, ഏറെ യാതന സഹിക്കുവാന്‍ വിധിച്ചു വല്ലൊ...', 'പള്ളി മിനാരത്തില്‍ നിന്നും പറക്കുന്ന വെള്ളിപ്പറാവുകളേ...' തുടങ്ങിയ വശ്യമനോഹരങ്ങളായ ഗാനങ്ങള്‍ക്ക് നാദവിസ്മയം നല്‍കാന്‍ കുഞ്ഞിമൂസയ്ക്കായി. ശോകസാന്ദ്രമായ ഗാനങ്ങളാണ് കുഞ്ഞിമൂസയുടെ ഈണങ്ങളില്‍ മികവാര്‍ന്നു നില്‍ക്കുന്നത്. എന്നിരുന്നാലും ഏതാനും മൈലാഞ്ചിപ്പാട്ടുകളും കുറവല്ല. അവയില്‍ പ്രസിദ്ധമായ ഗാനമാണ് എസ്.വി ഉസ്മാന്‍ രചിച്ച 'മധുവര്‍ണ്ണാപ്പൂവല്ലെ, നറുനിലാ പൂമോളല്ലെ...' എന്ന ഗാനവും 'ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ പൊന്‍മണി പൂങ്കുയിലേ...' എന്ന ഗാനവുമെല്ലാം അതില്‍ ചിലതാണ്. ഇവ കൂടാതെ സ്വന്തമായി രചിച്ച പാട്ടുകളുമുണ്ട്. യാ ഇലാഹീ' എന്ന ഗാനവും, ഖവാലി സ്‌റ്റൈലിലുള്ള 'ഖോജരാജാവേ തേടി ഞാന്‍...', 'ദറജപ്പൂ മോളല്ലെ...' എന്ന ഗാനവുമെല്ലാം അതില്‍ ചിലതാണ്. യേശുദാസ്, മാര്‍ക്കോസ്, കണ്ണൂര്‍ ശരീഫ്, രഹ്ന, അഫ്‌സല്‍, അജയന്‍, മൂസ എരഞ്ഞോളി, പീര്‍ മുഹമ്മദ്, ലിയാഖത്ത്, എം.എ ഗഫൂര്‍, താജുദ്ദീന്‍ വടകര, കണ്ണൂര്‍ രാജന്‍, സിബല്ല സദാനന്ദന്‍, ശ്രീലത രജീഷ്, സിന്ധു പ്രേംകുമാര്‍, മച്ചാട്ട് വാസന്തി തുടങ്ങി നിരവധി പേര്‍ മൂസയുടെ സംഗീത സംവിധാനത്തില്‍ പാടിയിട്ടുണ്ട്. കുഞ്ഞിമൂസയുടെ തന്നെ പാട്ടായ 'നെഞ്ചിനുള്ളില്‍ നീയാണ്' എന്ന പാട്ട് പാടിയാണ് മകന്‍ താജൂദീന്‍ വടകര 2000ത്തില്‍ ആലാപനരംഗത്ത് ശ്രദ്ധ നേടിയത്.
ജീവിത താളത്തില്‍ പലവേഷം
പ്രസിദ്ധമായ തലശ്ശേരിയിലെ മൂലക്കല്‍ തറവാട്ടില്‍ അബ്ദുല്ലയുടേയും മറിയുമ്മയുടേയും മകനായി. 1929ല്‍ ആണ് എം. കുഞ്ഞിമൂസ ജനിച്ചത്. ഗായകന്‍ താജുദ്ദീന്‍ വടകരയടക്കം എട്ടുമക്കളുണ്ട്. പരേതനായ ഗസല്‍ഗായകന്‍ എം.എ ഖാദര്‍ സഹോദരനായിരുന്നു. ഏഴാം ക്ലാസില്‍വച്ച് പഠനം നിര്‍ത്തിയ കുഞ്ഞിമൂസ ജീവിതത്തില്‍ കഠിനാധ്വാനത്തിലൂടെയാണ് തന്റെ വഴികള്‍ കണ്ടെത്തിയത്. അല്ലാഹു നല്‍കിയ സ്വരമാധുര്യം കൂട്ടായിട്ടുണ്ടായിട്ടുണ്ടായിരുന്നെങ്കിലും സംഗീതം പഠിക്കാന്‍ അവസരമുണ്ടായിരുന്നില്ല.
സ്വന്തമായി ചിട്ടപ്പെടുത്തിയ പാട്ടുകളുടെ രാഗമോ താളമോ പറയുവാന്‍ അറിയുമായിരുന്നില്ല. ജീവിതവഴി തേടി അല്‍പ്പകാലം പ്രവാസിയായും വേഷമിട്ടു. ഒരു പാറാവുകാരനായി നിന്ന ഹാളില്‍ പ്രഗല്‍ഭര്‍ പാടുന്ന പാട്ടുകള്‍ തന്റേതായിരുന്നിട്ടും കേട്ട് നില്‍ക്കേണ്ടിവന്നിട്ടുണ്ട് കുഞ്ഞിമൂസക്ക്. മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് മാപ്പിളപ്പാട്ട് ഗായകനും ഗവേഷകനുമായ വി.എം കുട്ടി അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ സുഖമില്ലാതെ കിടപ്പിലായിരുന്നിട്ടും തങ്ങള്‍ താണ്ടിയ പഴയ കാല മാപ്പിളപ്പാട്ടു വഴികള്‍ പങ്കുവയ്ക്കാന്‍ ആ രണ്ട് മാപ്പിള കലാകാരന്‍മാരും പ്രകടിപ്പിച്ച ഔത്സുക്യം അവിടെ കൂടിയവരെ ആശ്ചര്യപ്പെടുത്തി. ഭാഷാ കവികളായ അക്കിത്തം, ജി. ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് മൂസ നല്‍കിയ സംഗീതം ശ്രദ്ധിക്കപ്പെട്ടു. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്, ബദറുല്‍ മുനീര്‍, ഹുസ്‌നുല്‍ ജമാല്‍ എന്നീ പാട്ടുകള്‍ പുതിയ ശൈലിയില്‍ ഈണം ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് ശ്രദ്ധേയമാണ്. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍ എന്ന നോവല്‍ നാടകമാക്കിയപ്പോള്‍ പി.ടി അബ്ദുറഹിമാന്റെ വരികള്‍ ചിട്ടപ്പെടുത്തിയത് മൂസയായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് മാപ്പിള കലാ മേഖലയിലെ സമഗ്രസംഭാവനക്ക് ഇശല്‍ രചന കൂട്ടായ്മ സമര്‍പ്പിച്ച റിസ്‌വാന്‍ കരുവമ്പൊയില്‍ സ്മാരക പുരസ്‌കാരമായ ക്യാഷ് അവാര്‍ഡ് കുഞ്ഞിമൂസയെ തേടിയെത്തി. ബശീര്‍ തിക്കോടി എഴുതിയ 'പാട്ടും ചുമന്നൊരാള്‍' എന്ന ജീവചരിത്രകൃതി കുഞ്ഞിമൂസയെ കുറിച്ചുള്ളതാണ്. മാപ്പിളപ്പാട്ടിലെ ആ നാദവിസ്മയം ഇനി സ്മൃതി പഥങ്ങളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."