വിദേശ പ്രതിഫലം 200 ഡെമോക്രാറ്റുകള്‍ ചേര്‍ന്ന് ട്രംപിനെതിരേ നിയമനടപടിക്ക്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ 200 ഡെമോക്രാറ്റ് അംഗങ്ങള്‍ ചേര്‍ന്ന് നിയമനടപടിക്ക് നീക്കം. ട്രംപ് ബിസിനസ് സംരംഭങ്ങള്‍ വഴി വിദേശ സര്‍ക്കാരുകളുടെ പണം പറ്റിയതായി ആരോപിച്ചാണ് അംഗങ്ങള്‍ കേസ് ഫയല്‍ ചെയ്തത്.
സ്വകാര്യ ആവശ്യങ്ങള്‍ക്കായി അധികാര ദുര്‍വിനിയോഗം നടത്തിയതായാണ് കേസ്. കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ സമ്മാനത്തുക സ്വീകരിക്കരുതെന്ന ഭരണഘടനാ നിയമത്തിന്റെ ലംഘനമാണ് ട്രംപ് നടത്തിയതെന്ന് സംഘം ആരോപിച്ചു.
ഇത്രയും കൂടുതല്‍ ജനപ്രതിനിധികള്‍ ഒരു യു.എസ് പ്രസിഡന്റിനെതിരേ കേസ് നല്‍കുന്നത് ഇതാദ്യമായാണ്. സമാനമായ കേസില്‍ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളും ട്രംപിനെതിരേ കേസ് കൊടുത്തിട്ടുണ്ട്.
മെറിലന്‍ഡ് സംസ്ഥാന സര്‍ക്കാരിന്റെ അറ്റോണി ജനറലും കൊളംബിയ ജില്ലാ ഭരണകൂടവും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം, ആരോപണം വൈറ്റ്ഹൗസ് വൃത്തങ്ങള്‍ തള്ളിക്കളഞ്ഞു. പക്ഷപാത രാഷ്ട്രീയക്കാരാണ് സംസ്ഥാന അധികൃതരുടെ നിയമനടപടിക്കു പിന്നില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് ഷോണ്‍ സ്പൈസര്‍ ആരോപിച്ചു. നീതിന്യായ മന്ത്രാലയം വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."