മന്ത്രിയുടെ വാക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് എം പാനല്‍ ജീവനക്കാര്‍; പണിമുടക്കണമെന്ന ആവശ്യവുമായി സര്‍വിസ് സംഘടനകളെ സമീപിച്ചു
എടപ്പാള്‍: കണ്ടനകം കെ.എസ്.ആര്‍ ടി.സി റീജിയണല്‍ വര്‍ക്ക്‌ഷോപ്പില്‍ 52 എം പാനല്‍ ജീവനക്കാരെ പിരിച്ച് വിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പിരിച്ച് വിട്ടവരെ തിരിച്ചെടുക്കുമെന്ന മന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് എം പാനല്‍ ജീവനക്കാര്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത്. ഇന്നലെയും ജീവനക്കാര്‍ ജോലിക്കായി എത്തിയിരുന്നു.എന്നാല്‍ പുതിയ ബസുകളുടെ നിര്‍മാണമാരംഭിക്കുന്നതോടെ ജീവനക്കാരെ തിരിച്ചെടുക്കുമെന്ന നിലപാടിലാണ് കെ.എസ്.ആര്‍ ടി.സി എംഡി. ഇത് ജീവനക്കാരെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ ബസ്സുകളുടെ നിര്‍മാണം എന്ന് നടക്കുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സംഘടനകളില്ലാത്തതും ഇവരെ കുഴക്കുന്നുണ്ട്. സര്‍വീസ് സംഘടനകളാകട്ടെ ഇവരെ വേണ്ടത്ര പിന്തുണക്കുന്നില്ല. എന്നാല്‍ പിരിച്ച് വിട്ട ജീവനക്കാര്‍ സഹായമഭ്യര്‍ഥിച്ച് സര്‍വിസ് സംഘടകളെ സമീപിച്ചതായാണ് വിവരം. ഈ വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് പണിമുടക്കണമെന്ന ആവശ്യത്തോട് സര്‍വിസ് സംഘടനകള്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."