HOME
DETAILS
MAL
സാമ്പത്തിക പ്രതിസന്ധി: ട്രാവല്‍ ഏജന്‍സി തോമസ് കുക്ക് അടച്ചുപൂട്ടി
backup
September 24 2019 | 02:09 AM
ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് പൂട്ടി. ഇതോടെ 20,000 ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് തൊഴില്‍ നഷ്ടമായി. തോമസ് കുക്കിനെ പാപ്പരായി പ്രഖ്യാപിച്ചു. കമ്പനിയുടെ നൂറിലേറെ വിമാനങ്ങള്‍ അടിയന്തിരമായി ബ്രിട്ടനില്‍ തിരിച്ചിറക്കി.
അതേസമയം തോമസ് കുക്ക് ഇന്ത്യ വേറെ കമ്പനി ആയതിനാല്‍ പ്രതിസന്ധി ബാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 178 വര്‍ഷം പഴക്കമുള്ള ബ്രിട്ടിഷ് ട്രാവല്‍ ഏജന്‍സി തോമസ് കുക്ക് പാപ്പരായതായി പ്രഖ്യാപിച്ചത്. 20,000 കോടി രൂപയ്ക്കു തുല്യമായ കടമാണ് തോമസ് കുക്കിന് ഉള്ളത്.
ഇത് ബ്രിട്ടിഷ് സര്‍ക്കാര്‍ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നമായത്.
പ്രതിസന്ധി മറികടക്കാന്‍ വേണ്ട 2,000 കോടി രൂപ നല്‍കാന്‍ ബാങ്കുകളോ നിക്ഷേപകരോ തയാറാകാത്തതാണ് 1841ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി അടച്ചുപൂട്ടാന്‍ കാരണം. കമ്പനിക്ക് ബ്രിട്ടനില്‍ മാത്രം 9,000 ജീവനക്കാരാണുള്ളത്.
കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതോടെ സി.ഇ.ഒ പീറ്റര്‍ ഫാന്‍ഖാസര്‍ ഉപഭോക്താക്കളോടും ജീവനക്കാരോടും മാപ്പുചോദിച്ചു. അതേസമയം അദ്ദേഹമുള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വന്‍ തുക ശമ്പളയിനത്തില്‍ കൈപ്പറ്റിയതും കമ്പനിയുടെ തകര്‍ച്ചയ്ക്കു കാരണമായി പറയപ്പെടുന്നു.
രണ്ടു കോടിയിലധികം യൂറോയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സി.ഇ.ഒ പീറ്റര്‍ ഫാന്‍ഖാസര്‍ കൈപ്പറ്റിയിരുന്നത്. 2015ല്‍ ബോണസായി മാത്രം 29 ലക്ഷം യൂറോ ഇദ്ദേഹത്തിനു ലഭിച്ചു. 2014 മുതല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍മാരായ മൈക്കല്‍ ഹാലെയ്ക്കും ബില്‍ സ്‌കോട്ടിനും 70 ലക്ഷം യൂറോ വീതമാണ് നല്‍കിയത്. നോണ്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍മാര്‍ക്ക് ഈ കാലയളവില്‍ 40 ലക്ഷം യൂറോ നല്‍കിയിരുന്നു. 16 ലക്ഷം യൂറോ വിരമിച്ച ചെയര്‍മാനു വരെ നല്‍കി.
കമ്പനി അടച്ചുപൂട്ടിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനിയുടെ ഒന്നര ലക്ഷത്തോളം വിനോദസഞ്ചാരികളെ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരികെ അതത് സ്ഥലങ്ങളില്‍ എത്തിക്കും. 2008ല്‍ സാമ്പത്തിക മാന്ദ്യത്തിനു തുടക്കംകുറിച്ച് അമേരിക്കയിലെ ലേമാന്‍ ബ്രദേഴ്‌സ് ബാങ്ക് തകര്‍ന്നതിനു സമാനമായ സാഹചര്യമാണെന്നാണ് വിലയിരുത്തല്‍.
തോമസ് കുക്ക് ഇന്ത്യ 2012 ഓഗസ്റ്റ് മുതല്‍ പ്രത്യേക കമ്പനി ആയതിനാല്‍ പ്രതിസന്ധി ബാധിക്കില്ലെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടുണ്ടെങ്കിലും ഇതിലെ ജീവനക്കാരും ആശങ്കയിലാണ്.
ജൂണ്‍ 30ലെ കണക്കനുസരിച്ച് കമ്പനിക്ക് 1,389 കോടി രൂപ ബാലന്‍സുണ്ട്. കടബാധ്യതയുമില്ല. ഒരുവര്‍ഷം 250 കോടി രൂപയുടെ ബിസിനസ് ഇന്ത്യയിലെ കമ്പനി നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."