ബീഫ് കഴിക്കുന്നത് അഭിമാനപ്രശ്‌നമായി കരുതുന്നവരെ തൂക്കിലേറ്റണമെന്ന് സാധ്വി സരസ്വതി
പനാജി: ബീഫ് തിന്നുന്നത് അഭിമാനപ്രശ്‌നമായി കരുതുന്നവരെ തൂക്കിലേറ്റണമെന്ന് സാധ്വി സരസ്വതി. ഗോവയില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക യോഗത്തിലാണ് സാധ്വിയുടെ പ്രകോപനപരമായ പ്രസ്താവന.
''സ്വന്തം മാതാവിന്റെ ഇറച്ചി ഭക്ഷിക്കുന്നത് അഭിമാനപ്രശ്‌നമായി കരുതുന്നവരെ തൂക്കിക്കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ബീഫ് കഴിക്കുന്നവരെ പൊതുജന മധ്യത്തില്‍ കൊണ്ടുവന്ന് വധശിക്ഷ നല്‍കണം. എന്നാല്‍ മാത്രമേ ഗോമാതാവിനെ സംരക്ഷിക്കേണ്ടത് സ്വന്തം കടമയാണെന്ന് ജനങ്ങള്‍ തിരിച്ചറിയൂ'' എന്നായിരുന്നു സാധ്വി സരസ്വതിയുടെ വിവാദ പ്രസംഗം. പ്രസംഗത്തിനെതിരേ ഗോവ ഘടകം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രസംഗം സാമുദായിക ശത്രുത വളര്‍ത്തുന്നതാണെന്നും സരസ്വതിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയില്‍ നിന്നുള്ള ഹിന്ദു മതപ്രബോധകയും സനാതന്‍ ധര്‍മ പ്രചാര്‍ സേവാ സമിതി പ്രസിഡന്റുമാണ് സരസ്വതി. ആര്‍.എസ്.എസ് അനുഭാവിയായ സാധ്വിക്കെതിരേ മംഗളൂരുവില്‍ സാമുദായിക സൗഹാര്‍ദത്തിനു വിഘാതമാകുന്ന തരത്തില്‍ നടത്തിയ പ്രസംഗത്തിന് പൊലിസ് ഐ.പി.സി 153 എ പ്രകാരം കേസെടുത്തിരുന്നു. നേരത്തെ, ഹിന്ദുക്കള്‍ ആത്മരക്ഷാര്‍ഥം ആയുധം കൂടെ കരുതണമെന്ന് പ്രസ്താവന നടത്തി വിവാദത്തില്‍പെട്ടിരുന്നു ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."