പ്രതിഷേധം ജനകീയ മുന്നേറ്റമായി മാറണം: ജിഫ്‌രി തങ്ങള്‍
കാസര്‍കോട്: സമസ്തയുടെ സമുന്നത നേതാവും സീനിയര്‍ വൈസ് പ്രസിഡന്റുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകക്കേസ് അന്വേഷണത്തില്‍ അധികൃതര്‍ പുലര്‍ത്തുന്ന നിസംഗതയ്ക്കും കൃത്യവിലോപത്തിനും എതിരേയുള്ള പ്രതിഷേധ സമരം ജനകീയ മുന്നേറ്റമായി മാറണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു.പ്രതിഷേധ സമരങ്ങള്‍ ഏതാനും വ്യക്തികളിലോ സമര സമിതികളിലോ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നും ശക്തമായ ബഹുജന മുന്നേറ്റമായി മാറണമെന്നും തങ്ങള്‍ പറഞ്ഞു.
കാസര്‍കോട് ജില്ലാ ജംഇയ്യത്തുല്‍ ഉലമ, മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് എന്നിവയുടെ സംയുക്ത യോഗം മാലിക് ദീനാര്‍ പള്ളി കമ്മിറ്റി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ സമസ്ത തുടക്കം മുതല്‍ സജീവമായി ഇടപെട്ടിട്ടുണ്ട്. ഇനിയും ആവശ്യമായ നിയമ പോരാട്ടങ്ങള്‍ തുടരാനാണ് തീരുമാനമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി.
ത്വാഖാ അഹ്മദ് അല്‍ അസ്ഹരി, യു.എം അബ്ദുറഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍, എം.എസ് തങ്ങള്‍ മദനി, നീലേശ്വരം ഖാസി മഹ്മൂദ് മുസ്‌ലിയാര്‍, കെ. മൊയ്തീന്‍ കുട്ടി ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, മുബാറക് ഹസൈനാര്‍ ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."