സാമൂഹികനീതി പുലരാന്‍ സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കണം: മന്ത്രി ചന്ദ്രശേഖരന്‍
കാസര്‍കോട്: കാലങ്ങളായി അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളില്‍ നീതി പുലരണമെങ്കില്‍ അവര്‍ക്കായി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ ചായ്യോത്ത് ചക്ലിയ കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിന് സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. പട്ടികജാതിവര്‍ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പക്ഷേ ചിലയിടങ്ങളിലെങ്കിലും തടസവാദങ്ങള്‍ ഉയരുന്നതിന്റെ ഫലമായി വികസന പദ്ധതികള്‍ നിര്‍ത്തി വെക്കേണ്ട സ്ഥിതി വിശേഷം കണ്ടു വരുന്നുണ്ട്. ഫണ്ടുകള്‍ അനുവദിച്ചിട്ടും പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം വരുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് ചക്ലിയ കോളനിയെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിക്കായി തിരഞ്ഞെടുത്തത്. പദ്ധതി പ്രകാരം ഓരോ എം.എല്‍.എമാര്‍ക്കും മണ്ഡലത്തിലെ രണ്ട് കോളനികളെ ദത്തെടുക്കാവുന്നതാണ്. പട്ടികജാതി വികസന വകുപ്പ് തുകയനുവദിക്കുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നത് ജില്ലാ നിര്‍മിതി കേന്ദ്രമാണ്.
ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെയായിരുന്നു കോളനിവാസികള്‍ മന്ത്രിയെ ഉദ്ഘാടനവേദിയിലേക്ക് ആനയിച്ചത്. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല അധ്യക്ഷയായി. പരപ്പ ബ്ലോക്ക് പ്രസിഡന്റ് പി. രാജന്‍ മുഖ്യാഥിതിയായിരുന്നു. പദ്ധതിയുടെ കീഴില്‍ പ്രവൃത്തി ആരംഭിക്കുന്ന ജില്ലയിലെ ആറാമത്തെ പ്രദേശമാണ് ചക്ലിയ കോളനിയെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ എസ്. മീനാറാണി പറഞ്ഞു.
ചക്ലിയ കോളനിയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ നിര്‍വഹണചെലവും നികുതികളും അടക്കം 99,06,472 രൂപയുടെ പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ ആറുമാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച ജില്ലാ നിര്‍മിതി കേന്ദ്രം എക്‌സിക്യൂട്ടിവ് സെക്രട്ടറി ആര്‍.സി രാജന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം എം. കേളു പണിക്കര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് അംഗം സി.വി ബാലകൃഷ്ണന്‍, പരപ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ കെ. അസൈനാര്‍, കോളനി പ്രതിനിധിമാരായ സി. ശാലിനി, സി. ബാബു, എസ്.സി. പ്രൊമോട്ടര്‍ ഷീബ ബാലന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."