ജോലി നല്‍കുന്നത് നേരിട്ടുമാത്രം, സ്വകാര്യ ജോബ് സൈറ്റുകളെ ആശ്രയിക്കരുത്; മുന്നറിയിപ്പുമായി എയര്‍പോര്‍ട്ട് അതോറിറ്റി
കോഴിക്കോട്: തങ്ങളുടേതെന്ന പേരില്‍ വിവിധ ഏജന്‍സികള്‍ കൊടുക്കുന്ന വ്യാജ നിയമന ഉത്തരവുകള്‍ക്കെതിരെ മുന്നറിയിപ്പുമായി എയര്‍പോര്‍ട്ട് അതോറിറ്റി. അതോറിറ്റിയിലെ എല്ലാ തസ്തികകളിലേയ്ക്കുമുള്ള നിയമനങ്ങള്‍ അതോറിറ്റി നേരിട്ടാണ് നടത്തുന്നത്. ഇതിനായി സ്വകാര്യ ജോബ് സൈറ്റുകളെ ആശ്രയിക്കുന്നില്ലെന്നും കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തങ്ങളുടെ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശ്രദ്ധിക്കൂ!!!ചതിയില്‍പ്പെടാതിരിക്കൂ!!
ഈയിടെയായി എയര്‍പോര്‍ട്ട് അതോറിറ്റിയുടേതെന്ന പേരില്‍ വിവിധ ഏജന്‍സികള്‍ കൊടുക്കുന്ന വ്യാജ നിയമന ഉത്തരവുകളും അവയെ സംബന്ധിച്ച സംശയങ്ങളുമായി ധാരാളം ആളുകള്‍ ഞങ്ങളുടെ ഓഫീസിലെത്തുന്നു. നിരവധിപ്പേര്‍ ഫോണിലൂടെയും മറ്റും അന്വേഷിക്കുന്നുമുണ്ട്. പലരും വലിയ തുകകള്‍ ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്തുകൊടുക്കുകയും ചെയ്തതായി അറിയാന്‍കഴിഞ്ഞു.
ഒരല്പം ശ്രദ്ധിച്ചാല്‍ ഇത്തരം തട്ടിപ്പുകളെ തിരിച്ചറിയാന്‍ സാധിക്കും
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1) അതോറിറ്റിയിലെ എല്ലാ തസ്തികകളിലേയ്ക്കുമുള്ള നിയമനങ്ങള്‍ ഞങ്ങള്‍ നേരിട്ട് നടത്തുന്നു. ഇതിനായി സ്വകാര്യ ജോബ് സൈറ്റുകളെ ആശ്രയിക്കുന്നില്ല!
2) വിവിധ തസ്തികകളിലെ ഒഴിവുകള്‍, പരീക്ഷകള്‍, നിയമനങ്ങള്‍ എന്നിവയെ സംബന്ധിച്ച എല്ലാ അറിയിപ്പുകള്‍ക്കും ഞങ്ങളുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക. ലിങ്ക് താഴെച്ചേര്‍ക്കുന്നു:
https://www.aai.aero/en/careers/recruitment
3) ആപ്പ്‌ളിക്കേഷന്‍ ഫീസായി വളരെ ചെറിയ തുകകള്‍ ചെല്ലാന്‍ വഴി സ്വീകരിക്കുന്നതല്ലാതെ വലിയ തുകകള്‍ ഞങ്ങള്‍ ഈടാക്കുന്നില്ല
4) എയര്‍ലൈനുകള്‍ക്കുവേണ്ടി ഞങ്ങള്‍ നിയമനങ്ങള്‍ നടത്തുന്നില്ല
മേല്‍പ്പറഞ്ഞ വഴിയിലൂടെയല്ലാതയുള്ള എല്ലാ നിയമന ഉത്തരവുകളും വ്യാജമാണ്. ഇത്തരത്തില്‍ കത്തുലഭിക്കുന്നവര്‍ ദയവായി നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."