കടല്‍ രക്ഷാപ്രവര്‍ത്തനം: കടല്‍ സുരക്ഷാ സ്‌ക്വാഡില്‍ മത്സ്യത്തൊഴിലാളികളും
കാസര്‍കോട്: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍രക്ഷാപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ജില്ലയില്‍ കടല്‍സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് പരിശീലനം നല്‍കും. ഓഖി, പ്രളയം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായാണ് കടല്‍സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്. ഇങ്ങനെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തേണ്ടി വരുമ്പോള്‍ സേവനത്തിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രതിഫലം നല്‍കും. സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിന് വേണ്ടി എല്ലാ സുരക്ഷാ സംവിധാനങ്ങളുമുള്ള യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. പരമ്പരാഗത യാനങ്ങളില്‍ യാനമുടമയും രണ്ടുതൊഴിലാളികളുമടങ്ങുന്ന ഗ്രൂപ്പുകളായും മെക്കനൈസ്ഡ് വിഭാഗത്തില്‍ സ്രാങ്കും ഡ്രൈവറും യാനമുടമ, പ്രതിനിധി ഉള്‍പ്പെടുന്ന ഗ്രൂപ്പുകളായുമാണ് അപേക്ഷിക്കേണ്ടത്. യാനമുടമ മത്സ്യബന്ധനത്തിന് പോകാത്തയാളോ കടല്‍പരിചയമില്ലാത്തയാളോ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തയാളോ ആണെങ്കില്‍ അവര്‍ക്ക് പകരം പരിചയ സമ്പന്നനായ മത്സ്യത്തൊഴിലാളിയെ ഉള്‍പ്പെടുത്താവുന്നതും അത് അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തേണ്ടതുമാണ്. അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫിസുകള്‍, ഫിഷറീസ് സ്റ്റേഷനുകള്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷകള്‍ ഈമാസം 15ന് വൈകിട്ട് അഞ്ചുവരെ അതാത് ഓഫിസുകളില്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."