വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ താല്‍കാലിക പദ്ധതി
തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ കുത്തകപാട്ടം റദ്ദാക്കപ്പെട്ട വ്യാപാരികളെ ബസ് ബേയ്ക്ക് എതിര്‍വശത്തുള്ള കെ.എസ്.ആര്‍.ടി.സിയുടെ വസ്തുവിലേക്ക് മാറ്റി താല്‍കാലികമായി പുനരധിവസിപ്പിക്കാന്‍ തീരുമാനം. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, ജില്ലയുടെ ചുമതലയുള്ള വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
നേരത്തെ കുത്തകപ്പാട്ടം ഉണ്ടായിരുന്ന 16 വ്യാപാരികള്‍ക്കാണ് 80 സ്‌ക്വയര്‍ ഫീറ്റ് വീതമുള്ള കടകള്‍ താല്‍കാലികമായി അനുവദിക്കുക. കൂടാതെ, നിലവില്‍ കെ.എസ്.ആര്‍.ടി.സിയുമായി കരാറുള്ള ആറ് വ്യാപാരികളെയും പുതിയ സ്ഥലത്ത് പുനരധിവസിപ്പിക്കും. പുനരധിവസിക്കപ്പെടുന്ന വ്യാപാരികള്‍ കെ.എസ്.ആര്‍.ടി.സിയുമായി വാടകക്കരാരില്‍ ഏര്‍പ്പെടണം. ഇവരെ പിന്നീട് ദീര്‍ഘകാല പദ്ധതിപ്രകാരം നിര്‍മ്മിക്കുന്ന ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് മാറ്റി പുനരധിവസിപ്പിക്കും. ഇവരെക്കൂടാതെ, കോട്ടയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സിലുടെ 38 സെന്റ് സ്ഥലത്തുള്ള കച്ചവടക്കാരെയും തകരപ്പറമ്പ് മേല്‍പ്പാലം നിര്‍മ്മിച്ചപ്പോള്‍ ഒഴിപ്പിച്ചവരെയും ഭാവിയില്‍ പുതിയ കോംപ്ലക്‌സുകള്‍ വരുമ്പോള്‍ പുനരധിവസിപ്പിക്കും
വ്യാപാരികളെ ഒഴിപ്പിക്കുന്ന സ്ഥലത്ത് മൂന്ന് പുതിയ ബസ് ബേകള്‍ നിര്‍മിക്കും.കോട്ടയ്ക്ക് മുന്‍വശത്തുള്ള ശൗചാലയം കോര്‍പറേഷന്റെ സഹകരണത്തോടെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനും നടപടിയെടുക്കും. ബീമാപ്പള്ളി ഭാഗത്തേക്കുള്ള ബസുകളുടെ റൂട്ട് പുനഃക്രമീകരിക്കാന്‍ കഴിഞ്ഞദിവസം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനം മന്ത്രിതല സമിതി അംഗീകരിച്ചു. ഇവിടെ യു-ടേണ്‍ ഉള്ളതിനാല്‍ കൂടുതല്‍ കുരുക്കുണ്ടാകുന്നതിനാലാണ് വണ്‍വേ പരിഷ്‌കരിച്ചത്. ഇതിനായി കോട്ടയ്ക്ക് സമീപം താല്‍കാലികമായി നിരത്തിയിരുന്ന ടൈലുകള്‍ മാറ്റി സ്ഥാപിക്കും.
ഗതാഗത പരിഷ്‌കാരം നടപ്പാക്കാനായി കൂടുതല്‍ പൊലിസുകാരെയും ട്രാഫിക് വാര്‍ഡന്‍മാരെയും നിയോഗിക്കും. മീഡിയന്‍ ചാടിക്കടക്കുകയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കി. കിഴക്കേക്കോട്ടയില്‍ സെന്‍ട്രല്‍ സ്‌കൂളിന് എതിര്‍വശമുള്ള ഓട്ടോ സ്റ്റാന്‍ഡ് ശ്രീപത്മനാഭ തീയറ്റര്‍ ഭാഗത്തേക്ക് മാറ്റുന്നതിനും അംഗീകാരമായി. ഇവിടെ പ്രീ-പെയ്ഡ് സംവിധാനം ഏര്‍പ്പെടുത്തും. അഞ്ചുവര്‍ഷം സമയത്തില്‍ ചെയ്യാവുന്ന രീതിയില്‍ കിഴക്കേക്കോട്ട മേഖലയുടെ വികസനത്തിനും നവീകരണത്തിനുമായി ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ സമര്‍പ്പിച്ച ദീര്‍ഘകാല പദ്ധതി യോഗത്തില്‍ ചര്‍ച്ച ചെയ്ത് തത്വത്തില്‍ അംഗീകാരം നല്‍കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉടന്‍ ധനകാര്യവകുപ്പ്, കോര്‍പറേഷന്‍, ട്രിഡ, വിവിധ നിര്‍മാണ ഏജന്‍സികള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ നടപടികളെടുക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."