തന്ത്രികള്‍ തയാര്‍, തന്ത്രം പാലാ; ശബരിമല 'പിടിക്കാന്‍' സി.പി.എം
അന്‍സാര്‍ മുഹമ്മദ്
തിരുവനന്തപുരം: അഞ്ചു നിയമസഭ മണ്ഡലങ്ങളില്‍ എതിരാളികളുടെ ശബരിമല തന്ത്രത്തില്‍ പിടി കൊടുക്കാതെ പാലാതന്ത്രം പ്രയോഗിക്കാന്‍ അണികള്‍ക്ക് സി.പി.എം നിര്‍ദേശം.
എതിര്‍സ്ഥാനാര്‍ഥികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വേണ്ടെന്നും കൂടുതല്‍ കുടുംബ സംഗമത്തിലും വീടുകള്‍ കയറി ഇറങ്ങിയുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കി.
പാലായിലും ഇതേ തന്ത്രമാണ് മുന്നണി പയറ്റിയത്. അതേ രീതിയില്‍ മറ്റു വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുത്ത് പ്രചാരണം ആ വഴിക്കു തിരിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. പാലായില്‍ നടത്തിയ പരീക്ഷണത്തിലൂടെ അഞ്ച് മണ്ഡലങ്ങളിലും വിജയിച്ചുകയറാമെന്ന തന്ത്രമാണ് സി.പി.എമ്മിന്റെ അണിയറയില്‍ തയാറാകുന്നത്.എതിരാളികള്‍ ശബരിമല വിഷയം സജീവമാക്കാന്‍ നോക്കിയാലും അതില്‍ ഇടപെടേണ്ടെന്നാണ് സി.പി.എമ്മിന്റേയും ഇടതുമുന്നണിയുടേയും തീരുമാനം. പാലായില്‍ തന്ത്രങ്ങള്‍ മെനഞ്ഞതു പോലെ തന്നെയാണ് അഞ്ചു മണ്ഡലങ്ങളിലും തന്ത്രങ്ങള്‍ മെനയുന്നത്. പാലായില്‍ നിയോഗിച്ചതു പോലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും തന്നെയാണ് അഞ്ചു മണ്ഡലങ്ങളുടെയും ചുമതലയില്‍ നിയോഗിച്ചിരിക്കുന്നത്.
മഞ്ചേശ്വരത്ത് കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി, മന്ത്രി ഇ.പി ജയരാജന്‍ എന്നിവര്‍ക്കാണ് ചുമതല. എറണാകുളത്ത് പി.രാജീവ്, മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍, അരൂരില്‍ എം.വി ഗോവിന്ദന്‍, മന്ത്രി തോമസ് ഐസക്ക്, കോന്നിയില്‍ കെ.ജെ തോമസ്, മന്ത്രി എം.എം മണി, വട്ടിയൂര്‍ക്കാവില്‍ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാന പ്രചാരണ വിഷയമാക്കി വോട്ടുതേടുക എന്ന തന്ത്രമാണ് അഞ്ചു മണ്ഡലങ്ങളിലും ഇടതുമുന്നണി സ്വീകരിക്കുക. ദേശീയ പാതാ വികസനത്തിലുള്‍പ്പെടെ സര്‍ക്കാരിന്റെ കാര്യമായ ഇടപെടല്‍ ഉയര്‍ത്തിക്കാട്ടും.
അതിനൊപ്പം പാലാരിവട്ടം പാലം അഴിമതി ഉള്‍പ്പെടെയുള്ള വിഷയം ഉയര്‍ത്തി യു.ഡി.എഫിന് തിരിച്ചടി നല്‍കുക എന്ന തന്ത്രവും സ്വീകരിക്കും.
പാലാരിവട്ടം വിഷയത്തില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ് കരങ്ങള്‍ നീണ്ടാല്‍ അതും ഇടതുമുന്നണി തെരഞ്ഞെടുപ്പ് ആയുധമാക്കും. പാലായിലെ വിജയം മറ്റു മണ്ഡലങ്ങളിലെ വിജയ സാധ്യതയെ വര്‍ധിപ്പിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ യു.ഡി.എഫ് അനുകൂല തരംഗം ഇപ്പോഴില്ലെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന യു.ഡി.എഫ് സീറ്റുകളില്‍ കൂടി ജയിച്ചുകയറാം എന്നതാണ് ഇടതുവിശ്വാസം. സ്ഥാനാര്‍ഥി നിര്‍ണയം തീരെ പ്രശ്‌നങ്ങളില്ലാതെ നടത്തിയതും യു.ഡി.എഫിലും ബി.ജെ.പിയിലും അതുണ്ടായതും തങ്ങള്‍ക്കു ഗുണകരമാവുമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു.
രംഗത്തിറക്കിയ സ്ഥാനാര്‍ഥികളെല്ലാം യുവാക്കളാണെന്നതിനാല്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് സി.പി.എം കരുതുന്നത്.
യു.ഡി.എഫ് കോട്ടയായ കോന്നി, എറണാകുളം മണ്ഡലങ്ങളില്‍ മികച്ച പ്രതീക്ഷ പാര്‍ട്ടി വച്ചുപുലര്‍ത്തുന്നുണ്ട്. മേയറെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വി.കെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാക്കിയതും വിജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ്. മഞ്ചേശ്വരത്തും വിജയ പ്രതീക്ഷയിലാണ് പാര്‍ട്ടി. അരൂരില്‍ അട്ടിമറിയൊന്നും നടക്കില്ലെന്നും സീറ്റ് നിലനിറുത്താനാവുമെന്നുതന്നെയാണ് ആത്മവിശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."