ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്‌സൈറ്റ് ഹാക്കിങുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടനെ പുറത്തുവിടും
ദോഹ: ഖത്തര്‍ ന്യൂസ് എജന്‍സി(ക്യു.എന്‍.എ) വെബ്‌സൈറ്റ് ഹാക്കിങുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനി പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നുണ്ട്. പ്രതിസന്ധിയുമായി ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളിലും കുവൈത്ത് നേതൃത്വം സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. എന്നാല്‍, ആ രാജ്യങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഇതുവരെയും സമര്‍പ്പിച്ചിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട ഏറ്റവും അത്ഭുതപ്പെടുത്തുന്ന വിഷയങ്ങളിലൊന്ന് ഇതാണ്. ചിലഘട്ടങ്ങളില്‍ അവര്‍ പട്ടിക കുവൈത്തിന് സമര്‍പ്പിക്കുമെന്ന് സംസാരിക്കും. ചിലപ്പോള്‍ അമേരിക്കയ്ക്ക് നല്‍കുമെന്ന് പറയും. അവരുടെ അവകാശവാദങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. ഈ രാജ്യങ്ങളുടെ ആവശ്യമെന്താണെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. നേരത്തെ അവര്‍ പറഞ്ഞിരുന്നത് ആവശ്യങ്ങളുടെ പട്ടിക തയാറാക്കുന്നുവെന്നും അമേരിക്കയ്ക്ക് നല്‍കുമെന്നുമായിരുന്നു. എന്നാലിപ്പോള്‍ ആ പട്ടിക പരാതികളായി രൂപമാറ്റം സംഭവിച്ചിരിക്കുന്നു.
അവരുടെ പ്രസ്താവനകളിലെ വൈരുദ്ധ്യമാണ് ഇത് തെളിയിക്കുന്നത്. ഈ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ അവര്‍ ഖത്തറിനെതിരെ പരാതികളുടെ പട്ടിക പോലും തയാറാക്കിയിട്ടില്ലായിരുന്നു. പ്രശ്‌നപരിഹാരത്തിന് മറ്റെല്ലാ സാധ്യതകളും അടയുമ്പോള്‍ മാത്രമാണ് ഇത്തരം കടുത്ത നടപടികളെടുക്കാന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതമാകുക. നയതന്ത്ര ശ്രമങ്ങളിലൂടെ തര്‍ക്കം പരിഹരിക്കുകയെന്നതാണ് ഖത്തറിന്റെ രീതിയെന്നും ഖത്തര്‍ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളുടെ മുമ്പാകെ ഖത്തറിന്റെ നിലപാടുകളും കാഴ്ചപ്പാടുകളും അവതരിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഖത്തറുമായുള്ള സാമ്പത്തിക, രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഈ രാജ്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെയും പിന്തുണയ്ക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നു. വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രമാണ് അവരുടെ ആവശ്യത്തോട് പോസിറ്റീവായി പ്രതികരിച്ചത്.
എന്നാല്‍ ബഹുഭൂരിപക്ഷം രാജ്യങ്ങളും എതെങ്കിലുമൊരു പക്ഷം ചേരുന്നതിന് വിസമ്മതിച്ചു. അതേസമയം, ഈ രാജ്യങ്ങളെല്ലാം ഖത്തറിന് ഗുണപരമായ സന്ദേശമാണ് നല്‍കിയത്. വിദേശരാജ്യങ്ങളിലെ തന്റെ സന്ദര്‍ശനം ഗുണപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഖത്തറിനെതിരായ ഉപരോധം നീക്കണമെന്നും ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
ഖത്തറിന്റെ യഥാര്‍ഥ സുഹൃത്തുക്കള്‍ ആരാണെന്ന് സങ്കീര്‍ണമായ ഈ സമയം വെളിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. റിയാദ് ഉച്ചകോടിയില്‍ കാര്യങ്ങളെല്ലാം സുഗമവും സാധാരണയെന്ന നിലയിലുമാണ് പുരോഗമിച്ചത്. ഒരാളും ഒരു വിഷയവും ഉന്നയിച്ചിട്ടില്ല. ഖത്തര്‍ ന്യൂസ് ഏജന്‍സയുടെ വെബ്‌സൈറ്റ് ഹാക്കിങിനോട് ഈ രാജ്യങ്ങള്‍ പ്രതികരിച്ച രീതി ഖത്തറിനെ അമ്പരിപ്പിച്ചു. ഖത്തറിനെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത മാധ്യമ കാംപയ്‌നുണ്ടായെന്നാണ് ഹാക്കിങിനോടുള്ള അവരുടെ പ്രതികരണം തെളിയിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."