നടപ്പാത നിര്‍മാണം ആരംഭിച്ചു
ശാസ്താംകോട്ട: ഭരണിക്കാവ് ജെ.എം.എച്ച്.എസ്സിലെ കുട്ടികള്‍ക്ക് ഇനി പേടിയില്ലാതെ യാത്രചെയ്യാം.
സ്‌കൂള്‍ മുതല്‍ ജങ്ഷന്‍ വരെ ഇരുനൂറ് മീറ്റര്‍ നീളത്തില്‍ റോഡിന് ഇരുവശവും രണ്ടു മീറ്റര്‍ വീതിയില്‍ തറയോട് നിരത്തിയുള്ള നടപ്പാതയുടെ നിര്‍മാണം ആരംഭിച്ചു. കൊല്ലം- തേനി ദേശീയപാതയോട് ചേര്‍ന്നുള്ള ഈ സ്‌കൂളിലെ കുട്ടികളുടെ പഠന യാത്ര പ്രയാസമേറിയതായിരുന്നു.
സ്‌കൂള്‍ മുതല്‍ ജങ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശവും ഒരടി താഴ്ചയില്‍ കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാത്ത സ്ഥിതിയായിരുന്നു. ഇതുമൂലം കുട്ടികള്‍ ദേശീയപാത കൈയേറി നടപ്പാതയാക്കിയിരുന്നു. വളരെ തിരക്കേറിയ ഈ റോഡില്‍ ദിനംപ്രതി നിരവധി അപകടങ്ങളാണ് ഉണ്ടായിരുന്നത്. കുട്ടികളുടെ ഈ ദുരിത യാത്ര തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു.
ബാലാവകാശ സംരക്ഷണ പ്രവര്‍ത്തകനും കുന്നത്തൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി കണ്‍വീനറുമായ എല്‍ സുഗതന്‍ ഇത് സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷനും ജില്ലാ കലക്ടര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കും ദേശീയ പാത അധികൃതര്‍ക്കും നിവേദനവും സമര്‍പ്പിച്ചിരുന്നു.
ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."