ജോസേട്ടന് മടങ്ങുന്നു, കോഴിക്കോടിന് അതിമധുരം നല്കി
കോഴിക്കോട്: മിഠായിത്തെരുവിലൂടെ കോഴിക്കോടിന് പുതുമധുരം നല്‍കിയാണു കലക്ടര്‍ യു.വി ജോസ് മടങ്ങുന്നത്. യു.വി ജോസ് കോഴിക്കോട് കലക്ടറായി ചുമതയേറ്റതിന്റെ തൊട്ടടുത്ത ദിവസമാണു മിഠായിത്തെരുവില്‍ തീപിടിത്തമുണ്ടാകുന്നത്. വന്‍ നാശനഷ്ടമുണ്ടായ ഈ തിപിടിത്തമാണ് മിഠായിത്തെരുവിനെ ഇന്നു നഗരത്തിലെ പൈതൃക തെരുവാക്കി മാറ്റിയത്. ഇനിയൊരു തീപിടിത്തമുണ്ടാകാത്ത വിധത്തില്‍ മിഠായിത്തെരുവിനെ നവീകരിച്ചു. ഇതിനു പിന്നില്‍ യു.വി ജോസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ ആസൂത്രണമായിരുന്നു. കോഴിക്കോടിനെ നടുക്കിയ പ്രളയം, കരിഞ്ചോലമല, കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടല്‍, വയനാട് ചുരത്തിലെ ഗതാഗതസ്തംഭനം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍, കനോലി കനാല്‍ പുനരുദ്ധാരണം, നിപ, ഡെങ്കിപ്പനി വെറസ്ബാധയുമായി ബന്ധപ്പെട്ട് സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അന്യാധീനപ്പെട്ടുപോയ സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കല്‍, കൂരാച്ചുണ്ട് മേഖലയിലെ ഭൂനികുതി പ്രശ്നം പരിഹരിക്കല്‍ തുടങ്ങി യു.വി ജോസിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലം ബൈപാസില്‍ ഒരേക്കറിലധികം റവന്യുഭൂമി ഭൂമാഫിയയില്‍നിന്ന് തിരിച്ചുപിടിച്ചത് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ പൊന്‍തൂവലായി. ജില്ലയുടെ 36-ാമത്തെ കലക്ടറായി യു.വി ജോസ് 2017 ഫെബ്രുവരി 16നാണു ചുമതലയേറ്റത്. ടൂറിസം ഡയരക്ടറുടെ പദവി വഹിച്ചതിന്റെ അനുഭവവുമായി എത്തിയ അദ്ദേഹം ജനക്ഷേമപദ്ധതികള്‍ക്കും വിനോദസഞ്ചാര രംഗത്തും മികച്ചപ്രവര്ത്തനമാണു കാഴ്ചവച്ചത്.
പ്രളയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച മുന്‍കരുതലുകളും ഏറെ പ്രശംസയ്ക്ക് കാരണമായി. കൂരാച്ചുണ്ട്, കാന്തലോട് മേഖലയിലെ കുടിയേറ്റ കര്‍ഷകര്‍ക്കു ഭൂനികുതി അടയ്ക്കാനുള്ള സാങ്കേതിക തടസങ്ങള്‍ മാറ്റാനും യു.വി ജോസിന് സാധിച്ചു. 20 മാസത്തെ സേവനത്തിനിടെ യാതൊരുവിധ പരാതികളോ, വിവാദങ്ങളോ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിട്ടില്ല.
ജനങ്ങള്‍ക്കൊപ്പം നിന്ന് നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണു നവകേരള നിര്‍മിതി എന്ന പുതിയ ദൗത്യവുമായി വയനാട്ടുകാരനായ യു.വി ജോസ് കോഴിക്കോടിനോടു വിടപറയുന്നത്. തന്നെ കലക്ടര്‍ ബ്രോയെന്നു വിളിക്കേണ്ടെന്നും ജോസേട്ടനെന്നും വിളിച്ചാല്‍ മതിയെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യു.വി ജോസ് ജില്ലയുടെ ഭരണം ഏറ്റെടുക്കുന്നത്. കോഴിക്കോടിന്റെ ജോസേട്ടനാകാന് അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
നവകേരള നിര്‍മിതി, ലൈഫ് ഭവനപദ്ധതി തുടങ്ങി സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സംസ്ഥാന ടീമിലേക്കാണു യു.വി ജോസിന്റെ പുതിയനിയോഗം. ഈ മേഖലയിലെ പ്രാഗത്ഭ്യം കണക്കിലെടുത്താണ് എന്‍ജിനീയറിങ്ങിലും ആര്ക്കിടെക്ടിലും മാസ്റ്റേഴ്സ് ബിരുദധാരിയായ യു.വി ജോസിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷന് ഡയരക്ടറായി പ്രവര്‍ത്തിച്ചുവരുന്ന ശീറാം സാംബശിവ റാവുവാണ് പുതിയ കോഴിക്കോട് കലക്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."