കശ്മിര്‍: കേന്ദ്രത്തിന്റെ അവകാശവാദം തെറ്റെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും അവകാശപ്പെടുന്നത് പോലെ ജമ്മു കശ്മിരില്‍ ഇതുവരെ സ്ഥിതിഗതികള്‍ സമാധാനപരമായിട്ടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് ഡല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചില്ല. എന്നാല്‍, അദ്ദേഹം വീട്ടു തടങ്കലില്‍ അല്ലെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അവകാശപ്പെട്ടത്. കശ്മിരിലെ സ്ഥിഗതികളെക്കുറിച്ച് സര്‍ക്കാരിന്റെ അവകാശവാദങ്ങളെല്ലാം തന്നെ യാഥാര്‍ഥ്യത്തിന് നേര്‍ വിപരീതമാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എല്ലാവരും തന്നെ അതാതു സംസ്ഥാനങ്ങളില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നു. എന്നാല്‍ എന്‍.ആര്‍.സി അസം കരാറിന്റെ ഭാഗമായി മാത്രമുള്ളതാണ്. അസമിന് പുറത്തേക്ക് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനെ സി.പി.എം കേന്ദ്ര കമ്മിറ്റി ശക്തമായ എതിര്‍പ്പുന്നയിക്കുന്നതായും യെച്ചൂരി പറഞ്ഞു. മുന്‍പെങ്ങുമില്ലാത്ത വിധം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി രാജ്യത്ത് തൊഴിലില്ലായ്മയും രൂക്ഷമായി വര്‍ധിച്ചിരിക്കുന്നു. ഇതിനെതിരേ രാജ്യവ്യാപകമായി ഒക്‌ടോബര്‍ പത്തിനും പതിനാറിനും ഇടയ്ക്കുള്ള തിയതികളില്‍ പ്രക്ഷോഭം നടത്താന്‍ സി.പി.എം ആഹ്വാനം ചെയ്തു.
കൊല്‍ക്കത്ത സമ്പൂര്‍ണ പ്ലീനത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാത്തതിന്റെ തിരിച്ചടിയാണ് സി.പി.എം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ പരാജയത്തിന്റെ കാരണങ്ങളില്‍ പ്രധാനമെന്നും കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി.
ഇക്കാലയളവില്‍ സി.പി.എമ്മിന് ഒറ്റയ്ക്കു ശക്തിപ്പെടാനായില്ല എന്നത് യാഥാര്‍ഥ്യമാണെന്നും യെച്ചൂരി പറഞ്ഞു. കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ പുനരേകീകരണമാണ് സി.പി.ഐ മുന്നോട്ടു വയ്ക്കുന്നതെന്ന് യെച്ചൂരി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അത് സി.പി.എംസി.പി.ഐ ലയനമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും യെച്ചൂരി വ്യക്തമാക്കി. പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേടിയത് ഗംഭീര വിജയമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി. ഇടതുമുന്നണിക്കെതിരേയും സര്‍ക്കാരിനെതിരേയും ഉള്ള വന്‍ പ്രചാരണങ്ങള്‍ അതിജീവിച്ചാണ് എല്‍.ഡി.എഫ് പാലായില്‍ മികച്ച വിജയം കരസ്ഥമാക്കിയതെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."