മലയിന്‍കീഴ് ഗേള്‍സ് സ്‌കൂളില്‍ കെട്ടിട നിര്‍മാണത്തിന്റെ മറവില്‍ മണ്ണ് കടത്ത്
കാട്ടാക്കട : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 8. 5 കോടി മുടക്കി മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മിക്കുന്ന ബഹുനില മന്ദിര നിര്‍മാണത്തിന്റെ മറവില്‍ അനധികൃതമായി കുന്നിടിച്ച് നിരത്തി ലക്ഷക്കണക്കിന് രൂപയുടെ മണ്ണ് കടത്തിയതായി ആരോപണം. പൊതു വിദ്യാഭാസ വകുപ്പ് അറിയാതെയും, ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിക്കാതെയും കടത്തികൊണ്ടുപോയ മണ്ണ് നെയ്യാറ്റിന്‍കര താലൂക്കിലെ സ്വകാര്യ പാടങ്ങള്‍ ഉള്‍പ്പെടെ നികത്താന്‍ ദുരുപയോഗം ചെയ്തതായി സംശയിക്കുന്നുവെന്ന് വിളപ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ആനപ്പാറ കുന്നിന്‍ മുകളില്‍ സ്വാഭാവിക ഭൂനിരപ്പില്‍ കെട്ടിടം നിര്‍മിക്കാന്‍ രൂപരേഖ തയാറാക്കിയ ശേഷം ആ പദ്ധതി അട്ടിമറിച്ചാണ് മലയിന്‍കീഴ്, ഊരൂട്ടമ്പലം റോഡിലെ നിരത്തിനോട് ചേര്‍ന്ന് ബഹുനില മന്ദിരം പണിയാന്‍ പുതിയ രൂപരേഖ തയാറാക്കിയതെന്നും നേതാക്കള്‍ ആരോപിച്ചു. റോഡിനോട് ചേര്‍ന്നുള്ള സ്‌കൂള്‍ മതില്‍ നിലനിര്‍ത്തിയ ശേഷം, പുറത്ത് നിന്നും കാണാന്‍ കഴിയാത്തവിധമാണ് ആയിരക്കണക്കിന് ലോഡ് മണ്ണ് നീക്കം ചെയ്തിരിക്കുന്നത്. സ്ഥലം എംഎല്‍എ.: ഐ. ബി. സതീഷ് രക്ഷാധികാരിയായ സമിതിയാണ് മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും, ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മലയിന്‍കീഴ് വേണുഗോപാല്‍ ആരോപിച്ചു. മണ്ണ് നീക്കം ചെയ്യാന്‍ നിരവധി നടപടിക്രമങ്ങളുണ്ട്. ജില്ലാ പഞ്ചായത്ത്, മൈനിങ് ആന്‍ഡ് ജിയോളജി, അധികാരപ്പെടുത്തിയ നിര്‍വഹണ ഉദ്യോഗസ്ഥര്‍, എഞ്ചിനീയറിംഗ് വിഭാഗം എന്നിവരൊന്നും അറിയാതെ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിന് കുന്നിടിച്ച് നിരത്താന്‍ എന്തധികാരമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ബാബുകുമാര്‍ ആവശ്യപ്പെട്ടു.
മണ്ണ് ഇടിച്ചുമാറ്റുക വഴി പിന്‍ഭാഗത്തെ സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയിലാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം എസ്. ശോഭനകുമാരി ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ളതാണ് സ്‌കൂളും, അത് നിലനില്‍ക്കുന്ന ഭൂമിയും.
പരിസ്ഥിതി നശീകരണവും, വന്‍ അഴിമതിയും പ്രത്യക്ഷത്തില്‍ കാണാവുന്ന കുന്നിടിച്ച് നികത്തലിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെയും, തദ്ദേശ സ്വയഭരണ വകുപ്പിന്റെയും വിജിലന്‍സ് വിഭാഗവും, ജില്ലാ കലക്ടറും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."