രാക്കുരുക്ക്: സുല്‍ത്താന്‍ ബത്തേരിയിലെ നിരാഹാരസമരം അവസാനിച്ചു
സുല്‍ത്താന്‍ ബത്തേരി: ദേശീയ പാത 766 ലെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവജന കൂട്ടായ്മ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം അവസാനിച്ചു.
ഇന്നലെ ഉച്ചയ്ക്കുശേഷം ബത്തേരിയില്‍ നടന്ന സമ്മേളനവേദിയില്‍ സംസ്ഥാന മന്ത്രിമാരുടെ ഉറപ്പിനെ തുടര്‍ന്നാണ് യുവജന കൂട്ടായ്മകള്‍ നടത്തിയ അനിശ്ചിത കാല നിരാഹാര സമരം അവസാനിപ്പിച്ചത്.
സമരം ന്യായമാണെന്നും സമരത്തിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടെന്നും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. മുന്‍പുള്ളതിനേക്കാള്‍ ശുഷ്കാന്തിയോടും സൂക്ഷ്മതയോടും കൂടി പ്രശ്നം കൈകാര്യം ചെയ്യുമെന്നും മന്ത്രി സമരപ്പന്തലിലെത്തി പറഞ്ഞു.
എക്സൈസ് വകുപ്പ് മന്ത്രിയും സര്‍ക്കാരിന്റെ വിഷയത്തിലുള്ള താല്‍പ്പര്യം അറിയിച്ചു. തുടര്‍ന്നാണ് മന്ത്രി എ.കെ ശശീന്ദ്രന്റെ അഭ്യര്‍ഥനയെ മാനിച്ച് യുവജന കൂട്ടായ്മകള്‍ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്.
തുടര്‍ന്ന് മന്ത്രി എ.കെ ശശീന്ദ്രന്, എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്, ഐ.സി ബാലകൃഷ്ണന്, പി.ജെ ജോസഫ്, ബത്തേി ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് നിരാഹാരമനുഷ്ഠിച്ച ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് ഫെബിന്, യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം സെക്രട്ടറിയും ബത്തേരി നഗരസഭ കൗണ്‍സിലറുമായ റിനുജോണ്‍, യൂത്ത് ലീഗ് ബത്തേരി നിയോജക മണ്ഡലം ട്രഷറര്‍ ഹാരിസ് ബനാന, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടേറിയറ്റംഗം എം.ശ്രീജിത്ത് പനമരം, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ദീപു പുത്തന്‍പുരയില്‍ എന്നിവര്‍ക്ക് നാരങ്ങാനീര് നല്‍കിയാണ് നിരാഹാരം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂര്‍ എം.പി കെ.സുധാകരന്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ഹാജി, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ്, മാനന്തവാടി രൂപതാ വികാരി ജനറല്‍ ഫാ.എബ്രാഹം നെല്ലിക്കുന്നേല്‍, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ബേബി വര്‍ഗീസ്, കെ.ജെ ദേവസ്യ, കെ.കെ അബ്രഹാം, പി.എം ജോയി, സജി ശങ്കര്‍, ഗഗാറിന്, രാജേഷ്, കെ.കെ വാസുദേവന്‍, മുഹമ്മദ് പഞ്ചാര, കെ.വര്‍ഗീസ്, ടി.മുഹമ്മദ്, ടി.എല്‍ സാബു, ആസിഫ്, ശിവരാമന് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ രാഷ്ട്രീയ കക്ഷികളുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ ഞായറാഴ്ചയും ഐക്യദാര്‍ഢ്യവുമായി സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
സംസ്ഥാന ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്, ടെമ്പോവാന്‍ കൂട്ടായ്മ, ബത്തേരി, മാനന്തവാടി രൂപതകളുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിയും നടത്തി.
കൂടാതെ കോഴിക്കോട്ടുനിന്നും 2,500 ഇരുചക്ര വാഹനങ്ങള്‍ അണിനിരന്ന റാലിയും ബത്തേരിയിലെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തി.
റാലിക്ക് ബത്തേരിയില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളിയിലെത്തിയാണ് ബൈക്ക് റാലി സമാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."