മണ്ഡലകാലത്ത് 3000 ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിക്കും
തിരുവനന്തപുരം: ശബരിമല മണ്ഡലവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ തീരുമാനമായി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമെന്നതിനാല്‍ അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവിധ ജില്ലകളില്‍നിന്ന് ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും അവശ്യ ചികിത്സാ സേവനത്തിനായി ശബരിമലയില്‍ വിന്യസിക്കും. ആരോഗ്യവകുപ്പില്‍നിന്ന് ഏകദേശം 3000 ജീവനക്കാരെ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായി മണ്ഡലകാലത്ത് നിയമിക്കുമെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.
ആരോഗ്യവകുപ്പ് ഡയരക്ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡിഷനല്‍ ഡയരക്ടര്‍ (പൊതുജനാരോഗ്യം), ഒരു നോഡല്‍ ഓഫിസര്‍, ഒരു ഡെപ്യൂട്ടി നോഡല്‍ ഓഫിസര്‍ തുടങ്ങിയവര്‍ ആരോഗ്യവകുപ്പ് ഡയരക്ടറെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കും. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫിസറാണ് ജില്ലാ തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
തീര്‍ഥാടകര്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യവകുപ്പ് 16 ചികിത്സാ സഹായകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. ഒ.പി. വിഭാഗം, ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ ക്ലിനിക്കുകള്‍ (ഐ.സി.സി.യു), ഓപ്പറേഷന്‍ തിയറ്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, റഫറല്‍ ട്രാന്‍സ്‌പോര്‍ട്ടിങ് സൗകര്യങ്ങള്‍ (ആംബുലന്‍സ്) എന്നിവയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും ഇവിടെ ഒരുക്കും.
സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ തുടങ്ങിയ സ്ഥലങ്ങളിലെ ഐ.സി.യു സൗകര്യമുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറികളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കും. ഇതോടൊപ്പം നിലയ്ക്കലും പമ്പയിലും നാല് സഞ്ചരിക്കുന്ന ഡിസ്‌പെന്‍സറികളും ഒരുക്കും. ഒരു താല്‍ക്കാലിക ആശുപത്രി ചരല്‍മേട് സ്വാമി അയ്യപ്പന്‍ റോഡില്‍ പ്രവര്‍ത്തനക്ഷമമാക്കും. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പ്രത്യേക ആരോഗ്യ സേവന കേന്ദ്രം ആരംഭിക്കും. ആരോഗ്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.ആര്‍.എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ.എ. റംലാബീവി, അഡിഷനല്‍ ഡയരക്ടര്‍ ഡോ.മീനാക്ഷി, ശബരിമല നോഡല്‍ ഓഫിസര്‍ ഡോ.വി. അനില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."