ജനദ്രോഹ മദ്യനയത്തിനെതിരേ നില്‍പു സമരം നടത്തി
കൊച്ചി: സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെയും നേതൃത്വത്തില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ എറണാകുളം ടൗണ്‍ഹാളിനു മുന്‍പില്‍ ജനസഹസ്ര നില്‍പുസമരം നടത്തി. സി.ആര്‍ നീലകണ്ഠന്‍ നില്‍പുസമരം ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരിന്റെ മദ്യനയം പാവപ്പെട്ടവനു വേണ്ടിയുള്ളതല്ല മറിച്ച് മദ്യമുതലാളിമാരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തിന്റെ ലംഘനമാണ് സര്‍ക്കാരിന്റെ മദ്യനയം. മദ്യലഭ്യത വര്‍ധിപ്പിച്ചുകൊണ്ട് മദ്യവര്‍ജ്ജനം നടപ്പാക്കാന്‍ കഴിയില്ലെന്ന് സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു.
കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ അധ്യക്ഷനായിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കുക, പഞ്ചായത്ത് രാജ് - നഗരപാലികാ ബില്ലിലെ 232, 447 വകുപ്പുകള്‍ പുന:സ്ഥാപിക്കുക, പുതിയ ബാറുകള്‍ അനുവദിക്കാതിരിക്കുക, എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ, മദ്യലഭ്യതയും ഉപഭോഗവും കുറയുന്ന മദ്യനയം ആവഷ്‌കരിക്കുക, ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയി ച്ചാണ് നില്‍പുസമരം സംഘടിപ്പിച്ചത്.
മദ്യനയം പ്രാബല്യത്തില്‍ വരുന്ന ജൂലൈ 1 ന് വഞ്ചനാ ദിനവും കരിദിനവുമായി ആചരിക്കാന്‍ സമിതി തീരുമാനിച്ചു. അന്നേദിവസം രാവിലെ 11 മണിക്ക് ടൗണ്‍ഹാളിനു മുന്‍പില്‍ വായ് മൂടിക്കെട്ടി കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ നില്‍പു സമരം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."